വിജയകരമായ ദാമ്പത്യത്തിനായി
Tuesday, January 21, 2020 2:42 PM IST
സൗമ്യയുടെ വിവാഹം കഴിഞ്ഞി് 25 വര്‍ഷമായി. രണ്ടു കുട്ടികളുണ്ട്. വിവാഹസമയത്ത് കുറച്ചു പണവും സ്വര്‍ണവും കൊടുത്തു. ഒരേക്കര്‍ സ്ഥലം വീതം കൊടുക്കുമെന്ന് പിതാവ് വാക്കുപറഞ്ഞിരുന്നു. വിവാഹശേഷം സൗമ്യയുടെ ഭര്‍ത്താവ് അതേപ്പറ്റി ചോദിച്ചപ്പോഴൊക്കെ താമസിയാതെ തരും എന്നായിരുന്നു മറുപടി. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇതേപ്പറ്റി ഇടയ്ക്കിടെ സൂചിപ്പിച്ചുകൊണ്ടിരുന്നു. ഇത് നിസഹായയായ സൗമ്യയെ അത്യധികം വേദനിപ്പിച്ചു. അമ്മയോട് ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അമ്മ പിതാവിനെ വാഗ്ദാനം ഓര്‍മപ്പെടുത്തി. സമയമുണ്ടല്ലോ, തീര്‍ച്ചയായും കൊടുക്കുമെന്നു മാത്രം പിതാവ് മറുപടി പറഞ്ഞു. പക്ഷേ പിതാവ് പെട്ടെന്നു മരിച്ചു.
മരണത്തിനു മൂന്നു ദിവസത്തിനു ശേഷം ആങ്ങളമാര് അമ്മയെയും പെങ്ങളെയും നിര്‍ബന്ധിച്ച് സ്വത്ത് മുഴുവനും അവരുടെ പേരിലാക്കാന്‍ ശ്രമിച്ചു. ഭീഷണി മുഴക്കിയപ്പോള്‍ സൗമ്യ ഭര്‍ത്താവിനോടു ചോദിക്കാതെതന്നെ ഒപ്പിട്ടുകൊടുത്തു. ഭര്‍ത്താവ് വന്നപ്പോള്‍ വിവരം പറഞ്ഞു. അയാള്‍ക്കത് ഇഷ്ടപ്പെട്ടില്ല. എങ്കിലും അയാള്‍ അവിടെവച്ച് ഒന്നും പറഞ്ഞില്ല. വീട്ടില്‍ വന്ന് ബഹളമൊന്നുമുണ്ടാക്കിയില്ലെങ്കിലും അയാളുടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായി. പലപ്പോഴും അമിതദേഷ്യം പ്രകടിപ്പിക്കാനും കാരണം പറയാതെ സൗമ്യയെ കുറ്റപ്പെടുത്താനും തുടങ്ങി. ഇടയ്ക്ക് പരോക്ഷമായി സൗമ്യയോട് ഇക്കാര്യം പറയുകയും ചെയ്യും. നിസഹായയായ സൗമ്യ ജീവിതകാലം മുഴുവനും ഈ അവഹേളനം സഹിക്കണമല്ലോ എന്നോര്‍ത്ത് മനസുരുകിക്കഴിയുകയാണ്.
വിവാഹം ആലോചിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ ഓഹരി ചില പുരുഷന്മാരുടെ വീട്ടുകാര്‍ പ്രതീക്ഷിക്കാറുണ്ട്. ചിലര്‍ കണക്കു പറഞ്ഞ് വാങ്ങാറുമുണ്ട്. ഒന്നും ചോദിക്കാതെ ഞങ്ങള്‍ക്ക് യാതൊരുവിധ ഡിമാന്‍ഡുമില്ല, പെണ്‍കുട്ടിയെ തന്നാല്മതിയെന്നു പറയുന്നവരുമുണ്ട്. ഇത് മുതലെടുത്ത് കൊടുക്കാന്‍ കഴിയുന്നതുപോലും കൊടുക്കാത്തവരും സമൂഹത്തിലുണ്ട്.
വിവാഹം ഒരു വിലപേശലിന്റെ വേദിയാവരുത്. കൈയില്‍ ഇല്ലാത്തത് ഉണ്ടാക്കിക്കൊടുക്കാമെന്ന് വാക്കു പറഞ്ഞാല്‍ പിന്നീട് അനുഭവിക്കേണ്ടിവരുന്നത് സ്വന്തം മകള്‍ തന്നെയായിരിക്കുമെന്ന വസ്തുത മറക്കരുത്. സ്വന്തം ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവിന് അവളുടെ പണത്തോട് താല്പര്യം കാണിക്കില്ല. പക്ഷേ ഇന്നും അത്തരം ചിന്താഗതി വച്ചുപുലര്‍ത്തുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട്. വിവാഹസമയത്ത് കണക്കു പറഞ്ഞ് വാങ്ങാന്‍ കഴിയാതെ പിന്നീട് അതേക്കുറിച്ച് പറഞ്ഞ് ഭാര്യയെക്കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം. നീ സ്വത്തിനേക്കാള്‍ നൂറുമടങ്ങ് വിലമതിക്കുന്നു എന്നു ഭാര്യയോട് പറഞ്ഞ് ആശ്വസിപ്പിക്കുന്നവന് അന്ന് കിട്ടാനുള്ളതിന്റെ നൂറിരി മറ്റു വഴികളിലൂടെ അനുഗ്രഹമായി ലഭിക്കും എന്നത് ഉറപ്പാണ്.
സത്യസന്ധമായ വെളിപ്പെടുത്തലാവാം
ജോലി, ശമ്പളം, സ്വത്തുവിവരം, പ്രായം തുടങ്ങിയവ കൃത്യമായി ചോദിച്ചറിയുന്നതും സത്യസന്ധമായി വെളിപ്പെടുത്തുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിദേശത്തു താമസിക്കാനും ജോലിചെയ്യാനും ചെറുപ്പം മുതലേ ആഗ്രഹിച്ച സമര്‍ഥയായ എംബിഎക്കാരി വളരെ താഴ്ന്ന വിദ്യാഭ്യാസയോഗ്യതയുള്ള ചെറുപ്പക്കാരനെ വിദേശത്തു ജോലിയുള്ളതിന്റെ പേരില്‍ വിവാഹംകഴിക്കാന്‍ തയാറായി. വിവാഹത്തോടെ അയാളുടെ ജോലി പോകുകയും ഇതറിഞ്ഞ പെണ്‍കുട്ടി അയാളെ വിട്ടുപോകുകയും ചെയ്തു. വിവാഹബന്ധം വേര്‍പെടുത്തിയതു ശരിയായില്ല. എങ്കിലും യുവാവ് ചെയ്തത് വഞ്ചനയാണെന്ന് നാം അറിയണം.
വിവാഹം ആലോചിക്കുമ്പോള്‍ എല്ലാവര്ക്കും വധുവിന്റെയോ വരന്റെയോ സൗന്ദര്യത്തെപ്പറ്റി സങ്കല്പമുണ്ടാകാം. എന്നാല്‍ പ്രായോഗികതലത്തില്‍ ഇത്തരം താത്പര്യങ്ങള്‍ കുറച്ചൊക്കെ ബലികഴിക്കേണ്ടിവരും. സ്വത്തിനെയോ ജോലിയെയോ സാമൂഹ്യ സ്ഥാനത്തെയോ നോക്കി പൂര്‍ണമായും തന്റെ ഇഷ്ടം ബലികഴിച്ച് ഇഷ്ടപ്പെടാത്ത പുരുഷനെ വിവാഹംകഴിച്ചാല്‍ പിന്നീട് സ്വത്തോ ജോലിയോ നഷ്ടപ്പെടുമ്പോള്‍ നഷ്ടബോധവും നിരാശയും ഉണ്ടാകും. ഒരുതരത്തിലും ശാരീരികരൂപം അംഗീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആരൊക്കെ നിര്‍ബന്ധിച്ചാലും വഴക്കുപറഞ്ഞാലും ആ വിവാഹത്തിന് സമ്മതിക്കരുത്. കാരണം വിവാഹം നിങ്ങളുടേതാണ്. ഒന്നിച്ചു ജീവിക്കേണ്ടതും സഞ്ചരിക്കേണ്ടതും നിങ്ങളാണ്. നിങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന വ്യക്തിക്കുവേണ്ടി കാത്തിരിക്കുക. തീര്‍ച്ചയായും ലഭിക്കും.

രണ്ടുകൂട്ടര്‍ക്കും സാമ്പത്തികവരുമാനവും ജോലിയും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇന്നു ജീവിതച്ചെലവ് വളരെയേറെയാണ്. ജീവിതകാലം മുഴുവനും അടുക്കളയില്‍ തളച്ചിടപ്പെട്ട ജീവിതങ്ങളുമായി കഴിഞ്ഞിരുന്ന കുടുംബിനികളുടെ കാലം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കഴിയുന്നത്ര വിദ്യാഭ്യാസവും നല്ല ജോലിയും സമ്പാദിച്ചശേഷം മാത്രം വിവാഹം കഴിക്കുന്നതാണ് ഉത്തമം. അതിനു സാധിക്കാത്തവര്‍ക്ക് ഒരുപക്ഷേ അതിലും ലാഭകരമായ മറ്റു ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തി വിജയം വരിക്കാനാകും. തയ്യല്‍, മറ്റു ബിസിനസുകള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത സാധ്യതകള്‍ ഇന്നു സമൂഹത്തിലുണ്ട്. അങ്ങനെ ചെയ്താല്‍ ആര്‍ക്കും അരക്ഷിതബോധമുണ്ടാകില്ല. പങ്കാളിക്ക് അപകടം സംഭവിച്ചാലും പിടിച്ചുനില്ക്കാന് കഴിയും.
കുട്ടികളുടെ എണ്ണത്തെപ്പറ്റി, ഈശ്വരവിശ്വാസത്തെപ്പറ്റി, ഭാവിയെപ്പറ്റി ഒക്കെ വിവാഹത്തിനു മുമ്പ് സംസാരിക്കുന്നത് നല്ലതാണ്. ചിലര്‍ സാമൂഹ്യബന്ധം കുറഞ്ഞവരും മറ്റു ചിലര്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. ഇവര്‍ക്ക് ഒത്തുപോകണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് ആവശ്യമാണ്. ഇതേപ്പറ്റിയും സംസാരിക്കണം.
അസുഖങ്ങള്‍ മറച്ചുവയ്ക്കേണ്ട
വിവാഹത്തിനു മുന്‍പുള്ള അസുഖങ്ങള്‍ പങ്കാളിയില്‍നിന്നു മറച്ചുവച്ച് വിവാഹം നടത്തരുത്. അപസ്മാരം, പ്രമേഹം, മാനസികരോഗങ്ങള്‍, പാരമ്പര്യരോഗങ്ങള്‍, ത്വക്രോഗങ്ങള്, ഹൃദ്രോഗം തുടങ്ങിയവ തുറന്നുപറയാതെ വിവാഹം നടത്തുന്നതും ശരിയല്ല. അതു പിന്നീട് പ്രശ്നങ്ങള്‍ക്കു കാരണമാകും. തുറന്നുപറഞ്ഞാല്‍ വിവാഹം നടക്കില്ലെന്ന ചിന്ത അസ്ഥാനത്താണ്.
വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധമാണ് മറ്റൊരു വിഷയം. വിവാഹനിശ്ചയം കഴിഞ്ഞാലും വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധം വ്യഭിചാരം തന്നെയാണ്. ഒന്നിച്ചു താമസിക്കലും പിരിയലുമൊക്കെ ന്യായീകരിക്കുന്നവരാണ് ഇന്നത്തെ യുവസമൂഹം. കാലം എത്രമാറിയാലും മൂല്യങ്ങള്‍ ലംഘിക്കുന്നത് അനുവദനീയമല്ല. അത് അപകടകരവുമാണ്. അതിന്റെ പരിണതഫലങ്ങള്‍ പിന്നീടാണ് അറിയുന്നത്. വിവാഹത്തിനു മുന്‍പുള്ള ബന്ധം, ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗികത, ലൈംഗിക ദുരുപയോഗം ഇവയും ഗൗരവമേറിയ തിന്മകളാണ്. വിവാഹത്തിനു മുമ്പ് മറ്റാരെങ്കിലുമായി ലൈംഗികബന്ധത്തില്‍ ഏര്പ്പെിട്ടുണ്ടെങ്കില് അത് പങ്കാളിയോടു പറയേണ്ടതില്ല. ഇത് സത്യസന്ധതയ്ക്കു വിരുദ്ധമല്ലേ എന്നു ചോദിച്ചേക്കാം. എന്നാല്‍ ഈ തുറന്നുപറച്ചില്‍ അപകടത്തിനു കാരണമാകും. സത്യസന്ധതയോടെ തുറന്നുപറയുന്നത് ജീവിതകാലം മുഴുവനും ദുഃഖത്തിനു കാരണമാകും. വഴക്കടിക്കുമ്പോള്‍ ഇക്കാര്യം എടുത്തുപറഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പങ്കാളിയെ നിരന്തരം സംശയത്തോടെ വീക്ഷിക്കുകയും ചെയ്യാന്‍ ഇത് ഇടയാക്കും. തെറ്റു ചെയ്തതിനെപ്പറ്റി പശ്ചാത്തപിക്കുക. വീണ്ടും ചെയ്യാതിരിക്കാന്‍ പ്രതിജ്ഞ എടുക്കാം.
ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി