ദാമ്പത്യബന്ധം ദൃഢമാക്കാം
ദാമ്പത്യബന്ധം ദൃഢമാക്കാം
Thursday, January 23, 2020 2:45 PM IST
ഹൃദയത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന പ്രണയാത്മകമായ ഒരു നോട്ടം. സങ്കടത്തിലും സന്തോഷത്തിലും ചേര്‍ത്തുനിര്‍ത്തുന്ന അരുമയായ ഒരു തലോടല്‍. അഗാധതലങ്ങളില്‍ എന്നും ഓര്‍ക്കാന്‍ കൊതിക്കുന്ന, സ്‌നേഹത്തിന്റെ അനുരണങ്ങള്‍ തീര്‍ക്കുന്ന പ്രിയതമന്റെ/പ്രിയപ്പെട്ടവളുടെ വാക്കുകള്‍. ഇതൊക്കെ മനസിലേക്കു കൊണ്ടുവരുന്നത് പോയ്മറഞ്ഞ ഒരു പ്രണയകാലമോ അഭ്രപാളികളില്‍ നിറഞ്ഞാടിയ ഒരു ഹിറ്റ് സിനിമയോ ഒക്കെയാണെങ്കില്‍ തെറ്റി. ദാമ്പത്യജീവിതത്തിന്റെ ഊടും പാവും നെയ്‌തെടുക്കേണ്ട, അര്‍ഥപൂര്‍ണമായ ആശയവിനിമയോപാദികളായ മൂന്നു കാര്യങ്ങളാണിവ. സ്പര്‍ശനം, വാക്ക്, നോട്ടം... ദാമ്പത്യജീവിതത്തിന് ഏറെ മൂല്യച്യുതി വന്നിരിക്കുന്ന ഈ കാലഘത്തില്‍ നോട്ടത്തിന്റെയും സ്പര്‍ശനത്തിന്റെയും വാക്കുകളുടെയും പ്രാധാന്യം ഏറെ പ്രസക്തമാണ്.

ഞാന്‍ കൂടെയുണ്ടെന്ന് പറയാന്‍ ഒരു സ്പര്‍ശനം

സ്‌നേഹത്തോടെയുള്ള ഒരു സ്പര്‍ശനം അതിശയകരമായ ഒരു ഇന്ദ്രജാലമാണ് ദാമ്പത്യത്തിലുണ്ടാക്കുക. കിടപ്പറയിലെ സ്വകാര്യ നിമിഷങ്ങള്‍ക്കപ്പുറത്ത് തിരക്കേറിയ ജീവിതയാത്രകളുടെ വീണുകിട്ടുന്ന ഇടവേളകളില്‍ ഒരു തലോടലോ ലാളനയോ ആലിംഗനമോ ഒരു ചുടുചുംബനമോ ഗാഢമായ ഒരു പുണരലോ ഒക്കെ എത്ര ശക്തമായ അടുപ്പമാണ് കുടുംബജീവിതത്തിലുണ്ടാക്കുക. വലുതും ചെറുതുമായ അനേകം അഭിപ്രായവ്യത്യാസങ്ങളെയും നീരസങ്ങളെയുമൊക്കെ ഒരു ഇന്ദ്രജാലക്കാരന്റെ മാന്ത്രികവടിപോലെ സ്‌നേഹസമ്പൂര്‍ണവും അര്‍ഥവത്തുമായ ഒരു സ്പര്‍ശനം രൂപവും ഭാവവും മാറ്റിക്കളയും.

മനുഷ്യശരീരത്തിലെ ലവ്‌ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഇത്തരം സ്‌നേഹസ്പര്‍ശനങ്ങള്‍ കാരണമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഓക്‌സിടോസിന്റെ ഉത്പാദനം പകയും വിദ്വേഷവും പോലുള്ള അധമവികാരങ്ങള്‍ മനസുകളില്‍നിന്ന് അകറ്റും. ഒരേ കൂരയ്ക്കുള്ളിലാണെങ്കിലും വളരെയടുത്താണെങ്കിലും സ്‌നേഹപൂര്‍ണമായ സ്പര്‍ശനങ്ങള്‍ ഇന്ന് കുറവാണ്. തളര്‍ന്നിരിക്കുമ്പോഴോ നിരാശയിലിരിക്കുമ്പോഴോ തൊഴില്‍സമ്മര്‍ദങ്ങള്‍ക്കിടയിലോ ഒക്കെ പരസ്പരം ഒരു ചെറു സ്പര്‍ശനം മതി ഞാന്‍ കൂടെയുണ്ട് എന്നു പറയാതെ പറയാന്‍.

സ്‌നേഹത്തോടെ ഒരു വാക്ക്

വാക്ക്, സംസാരം, ഉരിയാടല്‍, മൂളല്‍ എന്നിങ്ങനെ സ്വരദേവതമാര്‍ മനുഷ്യര്‍ക്ക് സമ്മാനിച്ചിട്ടുള്ള ഒരനുഗ്രഹം. ദമ്പതികള്‍ക്കിടയില്‍ അത്യപൂര്‍വമായ അടുപ്പവും സ്‌നേഹവും ഉണ്ടാക്കാന്‍ പര്യാപ്തമായ ഒന്നാണിത്. വിവാഹത്തിനു മുമ്പ് ഒരു ജന്മം മുഴുവന്‍ പ്രിയതമയോട് കഥകള്‍ പറയണം എന്നു വിചാരിക്കുന്നവര്‍ വിവാഹശേഷം വാക്കുകള്‍ ചുരുക്കി മൊബൈല്‍ ഫോണുകളിലേക്ക് കണ്ണും നിരിക്കുന്ന കാഴ്ചകള്‍ ഇന്ന് അപൂര്‍വമല്ല. പ്രിയതമന്/ പ്രിയതമയ്ക്കുള്ള, അവര്‍ക്കു മാത്രം അറിയാവുന്ന വിളിപ്പേരുകള്‍ വിളിക്കുക, ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നുവെന്ന് പരസ്പരം അന്വേഷിക്കുക, ഓഫീസിലായാലും വീട്ടിലായാലും ഇടയ്‌ക്കൊന്ന് ഫോണ്‍വിളിച്ച് ഒരല്‍പ സമയം കുശലപ്രശ്‌നം ചെയ്യുക, ക്ഷീണിച്ചിരിക്കുന്ന പങ്കാളിയോട് ഇന്നെന്തേ മുഖം വാടിയിരിക്കുന്നു എന്നൊക്കെ ഒന്നു പറഞ്ഞാല്‍ അത് മനസിലുണ്ടാക്കുന്ന അനുരണങ്ങള്‍ വര്‍ണനാതീതമായിരിക്കും.


വാക്കുകള്‍ക്ക് ബന്ധങ്ങളെ തകര്‍ക്കാനും ഊഷ്മളമാക്കാനുമുള്ള കഴിവുണ്ട്. ദമ്പതികള്‍ പരസ്പരം സംസാരിക്കുന്നതിലൂടെ തീരാവുന്ന പിണക്കങ്ങളേ 90 ശതമാനവും ഉള്ളൂ.


പ്രണയാര്‍ദ്രമായൊരു നോട്ടം

കള്ളനോട്ടം നോക്കി, കാമിനിയുടെ മനസില്‍ കുളിരമ്പ് എയ്യുന്ന പുരുഷന്‍, അല്ലെങ്കില്‍ കടക്കണ്ണിട്ട് പ്രിയതമനെ നോക്കുന്ന പ്രണയിനി. ഇങ്ങനെയൊരു ഭൂതകാലം കുറേയെറെപ്പേര്‍ക്കെങ്കിലും അന്യമല്ല. വിവാഹജീവിതത്തിന്റെ തുടക്കത്തിലും ഇത്തരം നോട്ടങ്ങള്‍ കുറവല്ല. കാലം കഴിയുന്തോറും ദമ്പതികള്‍ പരസ്പരം സ്‌നേഹപൂര്‍വം ഒന്നു നോക്കുന്നതുതന്നെ കുറഞ്ഞിരിക്കുന്നു. പലപ്പോഴും നോട്ടങ്ങളാകട്ടെ കണ്ണുകള്‍ക്കൊണ്ട് കൊമ്പുകോര്‍ത്തുള്ള പോര്‍വിളികളാണുതാനും. സ്‌നേഹാദ്രമായ ഒരു നോട്ടംകൊണ്ട് ഒരായിരം പരിഭവങ്ങള്‍ ഒന്നിച്ചലിഞ്ഞുപോകും. ഇഷ്ടത്തോടെയുള്ള നോട്ടം, ആശ്വസിപ്പിക്കുന്ന നോട്ടം, നീ തനിച്ചല്ല എന്നു പറയാതെ പറയുന്ന നോട്ടം, ആരാധന സ്ഫുരിക്കുന്ന നോട്ടം, പ്രണയവികാരങ്ങള്‍ ഉണര്‍ത്തിവിടുന്ന കുസൃതിക്കണ്ണുകളുടെ നോട്ടം... ഇങ്ങനെ അനവധി നോങ്ങള്‍ കുടുംബജീവിതത്തില്‍ ദമ്പതികള്‍ക്ക് പരസ്പരം പങ്കുവയ്ക്കാനാകണം.

വാക്കും നോക്കും സ്പര്‍ശനവും ഇല്ലാത്ത അവരവരുടെ ദ്വീപുകളിലേക്ക് ഒതുങ്ങിക്കൂടുന്ന ദമ്പതികളില്‍ കാലക്രമേണ മനസുകളുടെ അടുപ്പം കുറയുന്നു. ദാമ്പത്യം ദുരിതപൂര്‍ണവും നിറങ്ങളില്ലാത്തതുമായിത്തീരുന്നു. എനിക്ക് ഇങ്ങോട്ടു കിട്ടണം ഇതൊക്കെ എന്നു വിചാരിക്കാതെ എനിക്കു കിട്ടിയില്ലെങ്കിലും കൊടുക്കണം എന്ന് ഓരോരുത്തര്‍ക്കും കരുതാം. നിങ്ങള്‍ പരാജയപ്പെടില്ലെന്നു മാത്രമല്ല, നോട്ടവും വാക്കും സ്പര്‍ശനവും നിങ്ങളുടെ പങ്കാളി ഏറ്റെടുക്കുതന്നെ ചെയ്യും. ദാമ്പത്യം സുഗന്ധപൂര്‍ണവും ഇമ്പമേറിയ ഒരു ഗാനംപോലെ പ്രിയതരവുമാകട്ടെ.

ഡോ.സിന്ധു അജിത്
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മുത്തൂറ്റ് കോളജ്, വരിക്കോലി
വി.എസ്.എം ഹോസ്പിറ്റല്‍, തൃപ്പൂണിത്തുറ