കേരളത്തിലെ കശുമാവ് കൃഷിക്ക് 'പൂര്‍ണ്ണിമ'
കശുമാവു കൃഷി കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വ്യാപിക്കുന്നുണ്ട്. പരമ്പരാഗത ഇനങ്ങളില്‍ നിന്നു മാറി അത്യുത്പാദനശേഷിയുള്ള തൈകള്‍ നട്ടാല്‍ കൃഷി ലാഭകരമാകും. കശുമാവു കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ് 'പൂര്‍ണിമ'. 2006-ല്‍ തൃശൂര്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഹൈബ്രീഡ് ഇനമാണിത്. കശുവണ്ടി വ്യവസായത്തിനും കയറ്റുമതിക്കും അനുയോജ്യമായ സ്വഭാവ സവിശേഷതകളുള്ള സങ്കരയിനമാണിത്. മരമൊന്നിന് പ്രതിവര്‍ഷം 15 കിലോഗ്രാം വിളവു ലഭിക്കും. ഒരു കിലോ തൂക്കം ലഭിക്കാന്‍ 128 കശുവണ്ടി മതി. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നതിനാല്‍ മഴയ്ക്കു മുമ്പ് വിളവെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

എങ്ങനെ നടാം?

ഹൈബ്രീഡിനത്തിന്റെ ആറുമാസം പ്രായമായ ഒട്ടുതൈകള്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തില്‍ നിന്നു ലഭിക്കും. തൈ നടാന്‍ 50 ഃ 50 ഃ 50 സെന്റീമീറ്റര്‍ വലുപ്പത്തിലുള്ള കുഴികളെടുക്കണം. ഇതില്‍ 10- 20 കിലോ ജൈവവളവും 250 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും മണ്ണുമായി ചേര്‍ത്തിടണം. നടുന്നതിനു 10 ദിവസം മുമ്പ് ഒരു കുഴിയില്‍ 100 ഗ്രാം കുമ്മായം ചേര്‍ക്കുന്നത് മണ്ണിന്റെ അമ്‌ളത ക്രമീകരിക്കാന്‍ നല്ലതാണ്.

കുഴികള്‍ തമ്മില്‍ ഏഴര- എട്ടു മീറ്റര്‍ അകലം നല്‍കണം. വളക്കൂറുള്ള മണ്ണില്‍ പത്തു മീറ്റര്‍ അകലത്തില്‍ നടുന്നതാ യിരിക്കും നല്ലത്. മികച്ച വിളവു ലഭിക്കുന്നതിന് ശാസ്ത്രീയ വളപ്രയോഗം ആവശ്യമാണ്. മണ്ണു പരിശോധനയ്ക്കു ശേഷം വേണം വളപ്രയോഗം നടത്താന്‍. നട്ട് ആദ്യ വര്‍ഷങ്ങളില്‍ ചെടികള്‍ക്കു താങ്ങു നല്‍കണം. ജൈവ വസ്തു ക്കള്‍ പുതയിട്ടും ജലാംശം ഉറപ്പു വരു ത്തിയും തൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാം. ഒട്ടു ഭാഗ ത്തിനു താഴെ നിന്നു പൊട്ടിവരുന്ന ശാഖകള്‍ നീക്കം ചെയ്യണം.

ഇടവിളയായി കിഴങ്ങു വര്‍ഗങ്ങള്‍

കശുമാവു നട്ട് ആദ്യ മൂന്നുവര്‍ഷം തൈകളുടെ തലപ്പോ, വേരു പടലമോ പടര്‍ന്നു പന്തലിക്കില്ല. അതുകൊണ്ട് ഇടവിളയായി കിഴങ്ങു വിളകള്‍ കൃഷി ചെയ്ത് അധികവരുമാനം നേടാം. തുടര്‍ന്നുള്ളവര്‍ഷങ്ങളില്‍ വളരെ വേഗത്തില്‍ കശുമാവ് വളരുന്ന തിനാല്‍ ഇടവിള കൃഷി ലാഭകര മാകില്ല.

കീടരോഗങ്ങള്‍, തേയില കൊതുക്

കശുമാവില്‍ 40- 50 ശതമാനം വരെയും ചിലപ്പോള്‍ 100 ശതമാനം വരെയും വിളനാശത്തിന് തേയില കൊതുകിന്റെ ആക്രമണം കാരണ മാകാം. തളിരിടുമ്പോഴും പൂങ്കുലകള്‍ ഉണ്ടാകുമ്പോഴും പിഞ്ച് അണ്ടിയു ണ്ടാകുന്ന സമയത്തുമാണ് കീടാക്ര മണം കൂടുന്നത്. കീടാക്രമണം മൂലം തളിരിലകളും പൂങ്കുലകളും കരിഞ്ഞു ണങ്ങുകയും കശുവണ്ടി ശുഷ്‌കിച്ചു പോകുകയും ചെയ്യുന്നു.

തേയില കൊതുകിന്റെ ആക്രമണ മുണ്ടായ ഭാഗങ്ങളില്‍ പിന്നീട് കുമിള്‍ബാധ ഏല്‍ക്കുന്നതായി കാ ണുന്നു. കൊതുകു കുത്തിയ മുറിപ്പാ ടിലൂടെ രോഗകാരിയായ കുമിളുകള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പൂങ്കുല കളുടെ നാശം വേഗത്തിലാകും. അത്തരം അവസരങ്ങളില്‍ തേയില കൊതുകിനെയും കുമിളിനെയും ഒരുമിച്ചു നിയന്ത്രിച്ചാല്‍ നാശം ലഘൂകരിക്കാം. കീടനിയന്ത്രണ ത്തിനായി വിദഗ്ധ നിര്‍ദേശം സ്വീകരിക്കാം.

തടിതുരപ്പന്‍ വണ്ട്

മരങ്ങള്‍ പൂര്‍ണമായും ഉണക്കിക്ക ളയുമെന്നതിനാല്‍ കശുമാവിന്റെ പ്രധാന ശത്രുവാണ് തടിതുരപ്പന്‍ വണ്ട്. അവഗണിക്കപ്പെട്ട തോട്ടങ്ങളി ലാണ് തടിതുരപ്പന്‍ വണ്ടുകളുടെ ആക്രമണം കൂടുതലായി കാണുന്നത്. കീടബാധയേറ്റ മരത്തിന്റെ ചുവടു ഭാഗത്തും വേരുകളിലും ചെറിയ ദ്വാരങ്ങളിലൂടെ മരപ്പൊടിയും പശയും വെളിയിലേക്കു വരുന്നതാണ് ആക്രമണ ലക്ഷണം. കൂടാതെ മരച്ചുവട്ടില്‍ ചവച്ചു തുപ്പിയ നാരുകളും വിസര്‍ജ്യ വസ്തുക്കളും കാണും . ഇവയുടെ ആക്രമണം മൂലം മരത്തിന്റെ ഇലകള്‍ മഞ്ഞ നിറമായി കൊഴിയും. ക്രമേണ മരം പൂര്‍ണമായും ഉണങ്ങും.

നിയന്ത്രണ മാര്‍ഗങ്ങള്‍

കീടാക്രമണത്തില്‍ ഉണങ്ങിയ മരങ്ങള്‍ മുറിച്ചു തീയിട്ടു നശിപ്പി ക്കണം. തോട്ടം ശുചിയായി സൂക്ഷി ക്കുന്നത് ആക്രമണം തടയും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലിലിറ്റര്‍ വേപ്പെണ്ണയും അഞ്ചു ഗ്രാം ബാര്‍ സോപ്പും നന്നായി ഇളക്കിച്ചേര്‍ ത്തതിനുശേഷം കേടുള്ള ഭാഗങ്ങള്‍ ചെത്തി മാറ്റി തടിയില്‍ ഒന്നര മീറ്റര്‍ ഉയരം വരെ ബ്രഷുപയോഗിച്ച് നന്നാ യി തേച്ചു പിടിപ്പിക്കണം. പുറമെ കാണുന്ന വേരുകളിലും മിശ്രിതം പുരട്ടണം.കൊമ്പുണക്കത്തിന്

കശുമാവില്‍ കണ്ടുവരുന്ന പ്രധാന രോഗമാണ് കൊമ്പുണക്കം. മഴക്കാ ലത്താണ് ഈ രോഗം കാണുക. കൊമ്പുകളില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് കൊമ്പു ണങ്ങി വരുന്നതാണ് രോഗ ലക്ഷണം. യഥാസമയങ്ങളില്‍ ഉണങ്ങിയ കൊ മ്പുകള്‍ നീക്കം ചെയ്ത്, കുമിള്‍ നാശിനി തളിച്ചു കൊടുക്ക ണം.

കശുമാങ്ങ സംസ്‌കരണം

കശുമാങ്ങയിലുള്ള 'ചവര്‍പ്പ് അല്ലെ ങ്കില്‍ കാറല്‍' ആണ് മാങ്ങ നേരിട്ട് കഴിക്കുന്നതിനു തടസമാകുന്നത്. ചവര്‍പ്പിന് അടിസ്ഥാനമായ 'ടാനിന്‍' നീക്കം ചെയ്ത ശേഷമാണ് ഉത്പന്ന ങ്ങള്‍ ഉണ്ടാക്കുന്നത്. ഉത്പന്നങ്ങള്‍ ക്കനുസരിച്ച് ചവര്‍പ്പ് നീക്കേണ്ട രീതിയും വ്യത്യസ്തമാണ്. സിറപ്പ് , പാനീയം, ജാം, അച്ചാര്‍, കാന്‍ഡി, സോഡാ, തുടങ്ങിയ വൈവിധ്യമായ വിഭവങ്ങള്‍ കശുമാങ്ങയില്‍ നിന്നു തയാറാക്കാം.

കടല്‍ക്കാറ്റിനെ നിയന്ത്രിക്കാന്‍ കടല്‍കടന്നെത്തി

ബ്രസീലാണ് കശുമാവിന്റെ ജന്മദേശം. ക്രിസ്തുവര്‍ഷം 1563 നും 1578 നും ഇടയില്‍ പോര്‍ച്ചുഗീ സുകാരാണ് കശുവണ്ടി ഇന്ത്യയിലെ ത്തിച്ചത്. തീരപ്രദേശങ്ങളിലെ ശക്തമായ കടല്‍ക്കാറ്റ് നിയന്ത്രി ക്കാനും മണ്ണൊലിപ്പു തടയാനും വേണ്ടിയാണ് കശുമാവെത്തിയത്. ഇടതൂര്‍ന്നുളള വേരു പടലം തീരദേശ ങ്ങളിലെ കാറ്റിനെ അതിജീവിക്കാന്‍ പര്യാപ്തമാണ്. കശുവണ്ടിപ്പരിപ്പിന്റെ സവിശേഷതകള്‍ മനസിലാക്കി കശുമാവിനെ ഒരു മുഖ്യ നാണ്യ വിളയായി വികസിപ്പിക്കുകയും ഒരു കാര്‍ഷിക വിളയാക്കുകയും ചെയ്തത് കേരളമാണ്.

പിന്നീട് ഗോവയിലേക്കും പടി ഞ്ഞാറു, കിഴക്ക് തീര പ്രദേശങ്ങളി ലേക്കും കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ഒറീസ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവയാണ്. നൂറോളം സ്പീഷീ സുകള്‍ ഉള്‍പ്പെടുന്ന 'അനാക്കാര്‍ ഡിയേസിയേ' കുടുംബത്തില്‍പ്പെട്ട കശുവണ്ടി 'അനാര്‍ക്കിഡിയം ഓക്‌സിഡെന്റേല്‍' എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്നു. ഏതു മണ്ണിലും കശുമാവു വളരും. പല പ്പോഴും മറ്റൊരു വിളയും ആദായ കരമായി കൃഷി ചെയ്യാന്‍ പറ്റാത്ത കുന്നിന്‍ ചെരിവുകളും വളക്കൂറി ല്ലാത്ത പാറക്കെട്ടുകളുമാണ് കശുമാവ് കൃഷിക്കായി മാറ്റിവയ്ക്കാറുളളത്.

കേരളത്തില്‍ കശുമാവിന്റെ സാധ്യ തകള്‍ മനസിലാക്കി 1952- ല്‍ കൊട്ടാരക്കരയില്‍ കാര്‍ഷിക ഗവേ ഷണ കൗണ്‍സിലിന്റെ സഹായ ത്തോടെ ഗവേഷണ കേന്ദ്രം സ്ഥാ പിച്ചു. ഇതോടെയാണ് കേരളത്തില്‍ കശുമാവ് കൃഷിയുടെയും ഗവേഷണ ങ്ങളുടെയും തുടക്കം. എന്നാല്‍ 1962 ല്‍ ഈ പദ്ധതി നിര്‍ത്താലാക്കി. അതിനുശേഷം 1972 ല്‍ ആനക്കയത്ത് കശുമാവു ഗവേഷണ കേന്ദ്രം വന്നു. 1973-ല്‍ സ്ഥാപിതമായ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രവും, പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവുമാണ് കശുമാ വിനെപ്പറ്റി ഗവേഷണങ്ങള്‍ നടത്തു ന്നത്. (തുടരും...)

വിളവെടുപ്പും മൂല്യവര്‍ധനയും

ജനുവരി മുതല്‍ മേയ് മാസം വരെയാണ് കശുമാ വിന്റെ വിളവെടുപ്പു സമയം. കശുമാങ്ങ പഴുത്തു വീഴുന്ന അന്നുതന്നെ ശേഖരിക്കുന്ന കശുവണ്ടി യാണ് ഏറ്റവും ഉത്തമം. ശേഖരിച്ച കശുവണ്ടി രണ്ടു ദിവസം വെയിലത്തിട്ട് നല്ലവണ്ണം ഉണക്കി ഈര്‍ പ്പത്തിന്റെ തോത് 14-16 ശതമാനമാക്കണം. പാകമാകാത്തതോ കേടുവന്നതോ ആയ കശുവണ്ടി ശേഖരിക്കാന്‍ പാടില്ല.

കശുമാവിനെ സംബന്ധിച്ചടത്തോളം കശുവണ്ടി ശേഖരിക്കുക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കു കയാണ് വിളവെടുപ്പ്. എന്നാല്‍ ഇതോടൊപ്പം ലഭിക്കുന്ന കശുമാങ്ങ നാം പാഴാക്കി കളയുകയാണ്. കശുമാങ്ങ സംസ്‌കരണ സാങ്കേതിക വിദ്യകള്‍ നിരവധിയുണ്ട്. സാങ്കേതിക വിദ്യ പരിശീലിക്കുക വഴി കര്‍ഷകന് അധിക വരുമാനം നേടാനും സാധിക്കും.

പൂര്‍ണിമ കശുമാവ് തൈകള്‍ക്ക് തൃശൂര്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തില്‍ ബന്ധപ്പെടാം: ഫോണ്‍- 0487-2370 339.

സുരേഷ്‌കുമാര്‍ കളര്‍കോട്‌