കർഷകർക്ക് ആശ്വാസം ഏകണമെന്ന ഇച്ഛാശക്തിയോടെ മുന്നേറിയാൽ മാത്രമേ സംഭരണം ഉദ്ദേശലക്ഷ്യം പൂർത്തികരി ക്കുകയുള്ളൂ. ഉത്സവ സീസണിൽ ഭക്ഷ്യയെണ്ണകളുടെ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള തീവ്രശ്രമത്തിലാണു കേന്ദ്ര സർക്കാർ.
ഇതിനു മുന്നോടിയായി റിഫൈൻഡ് സണ്‍ ഫ്ളവർ, സോയ ഓയിലുകളുടെ ഇറക്കുമതി ഡ്യൂട്ടി 17.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കുറച്ചു. 2022-23 നവംബർ-ഒക്ടോബർ കാലയളവിൽ ഇന്ത്യ 90.55 ലക്ഷം ടണ്‍ ഭക്ഷ്യയെണ്ണ ഇറക്കുമതി നടത്തി.
മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ ഇറക്കുമതി 19.96 ശതമാനം വർധിച്ചതായി കാണാം. മെയ് മാസം കൊച്ചിയിൽ 13000 രൂപ ക്വിന്റലിന് രേഖപ്പെടുത്തിയ വെളിച്ചെണ്ണ ജൂണ്‍ മാസം 12200 ലേക്കു താഴ്ന്നു.
തമിഴ്നാട്ടിൽ വെളിച്ചെണ്ണയുടെ നിരക്ക് 10500 രൂപയാണ്. അവിടെ വിളവെടുപ്പു സീസണാണ്. ഇതും വിപണിയുടെ സമ്മർദം കൂട്ടുന്ന വസ്തുതകളാണ്. ആഗോള തലത്തിൽ ഭക്ഷ്യ എണ്ണ ഉത്പാദനം വർധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യയെണ്ണകളുടെ വിലയിൽ കിലോഗ്രാമിന് 12 രൂപ കുറയ്ക്കണം എന്നൊരു നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.
ഏലം ഏലം കർഷകർ പ്രതീക്ഷയിലാണ്. മഴ സുലഭമായി ലഭിക്കുന്നതിനാൽ പുതിയ സീസണിൽ മികച്ച വിളവ് ലഭിക്കുമെന്നാണ് അവരുടെ നിഗമനം.
ജൂലൈ- ഓഗസ്റ്റോടെ പുതിയ വിളവെടുപ്പു തുടങ്ങാനാവുമെന്നാണു കാർഷിക മേഖലയിൽ നിന്നു ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിപണിയിൽ ഇറക്കാൻ താത്പര്യം കാണിക്കുന്നുണ്ട്.
മികച്ചയിനങ്ങൾക്ക് കിലോഗ്രാമിന് 1695 രൂപയും ശരാശരി ഏലത്തിനു 1150 രൂപയും വില ലഭിച്ചു.
കാപ്പി കാപ്പി വിപണന രംഗം റെക്കോർഡുകളുടെ നക്ഷത്ര തിളക്കത്തിലാണ്. ആഗോള ഉത്പാദനത്തിലുണ്ടായ ഇടിവാണ് വിപണിയിലെ വില കുതിപ്പിനു കാരണം. റോബസ്റ്റ കാപ്പിയുടെ നിരക്ക് ഈ വർഷം 40 ശതമാനം കുതിച്ചുയർന്നു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ 10 ശതമാനം തളർച്ച ഉളവാക്കുമെന്നു ജർമനി കണക്കാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ ജർമനി രണ്ടാം സ്ഥാനത്താണ്.
ലില്ലിബെറ്റ് ഭാനുപ്രകാശ്