കശുവണ്ടി മുളപ്പിച്ച് ബ്രിജിത് കൃഷ്ണ നിർമിക്കുന്നതു കൊതിയൂറും വിഭവങ്ങൾ
Tuesday, August 13, 2024 12:52 PM IST
കശുവണ്ടി മുളപ്പിച്ച് ഇരുപതിലേറെ രുചിയൂറും വിഭവങ്ങളുണ്ടാക്കി വിപണിയിലെത്തിച്ചു മികച്ച വരുമാനം നേടുകയാണു യുവ സംരംഭകനായ ഐടി പ്രഫഷണൽ. കണ്ണൂർ ജില്ലയിലെ ഉളിക്കല്ലിൽ പ്രവർത്തിക്കുന്ന ഈറ്ററി മലബാറിക്കസിന്റെ ഉടമ കൃഷ്ണ നിവാസിൽ ബ്രിജിത് കൃഷ്ണയാണു തികച്ചും വ്യത്യസ്ഥമായ ഭക്ഷ്യവിഭവങ്ങൾ നിർമിച്ചു വിപണിയെത്തിക്കുന്നത്.
മുളപ്പിച്ച കശുവണ്ടിയിൽ നിന്നു ഭക്ഷ്യഉത്പന്നങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭകനാണ് അദ്ദേഹം. അതുവരെ മുളപ്പിച്ച കശുവണ്ടിയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുക എന്നതിനെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല.
കോവിഡ് കാലത്ത് വീട്ടുമുറ്റത്ത് മുളച്ചു പാഴായിപ്പോകുന്ന കശുവണ്ടി പരിപ്പുകൾ കണ്ടതോടെയാണ് ബ്രിജിത് മാറി ചിന്തിച്ചു തുടങ്ങിയത്. തുടർന്നു നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും ഈ യുവ സംരംഭകനെ കൊണ്ടെത്തിച്ചത് ഏകദേശം നാലുകോടി രൂപ മുതൽ മുടക്കുള്ള ബിസിനസ് രംഗത്ത്.
ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിൽ ലാബ് സംവിധാനങ്ങൾ തീരെയില്ലാതിരുന്നതു പ്രാരംഭ ഘട്ടത്തിൽ വെല്ലുവിളിയായി. തുടക്കത്തിൽ മൈസൂരിലെ ലാബിലായിരുന്നു ആഴ്ചകളോളം നീളുന്ന പരിശോധന.

മുളപ്പിച്ച കശുവണ്ടി പരിപ്പുകൾ
കശുവണ്ടി പരിപ്പ് ശാസ്ത്രീയമായി മുളപ്പിച്ച്, പോഷകഗുണങ്ങൾ തെല്ലും നഷ്ടമാകാതെ വിദേശ വിപണികളിൽ ഉൾപ്പെടെ വില്പന നടത്തുന്നതിൽ വിജയിച്ചതോടെയാണു ബ്രിജിത് കൃഷ്ണ ശ്രദ്ധേയനായത്.
തോട്ടങ്ങളിൽ നിന്നു ശേഖരിക്കുന്ന കശുവണ്ടികൾ കഴുകി വൃത്തിയാക്കി കേടായവ മാറ്റിയശേഷം ആറു ദിവസത്തോളം ഉപ്പുവെള്ളത്തിൽ കുതിർത്തു വയ്ക്കും. പിന്നീട് ശുദ്ധീകരിച്ച ചാക്കരിച്ചോറിൽ പൊതിഞ്ഞ് മുളപ്പിക്കാനായി ട്രേകളിലേക്കു മറ്റും.
16 ദിവസത്തിനുശേഷം മുളവന്ന കശുവണ്ടി പരിപ്പുകളുടെ വിളവെടുപ്പ് നടത്തും. പിന്നീട് അവ 20 ഓളം ഇനം മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റും. മുളച്ച പരിപ്പുകൾ പച്ചയായും വിപണനം നടത്തുന്നുണ്ട്.
റിട്ടോർട്ടിംഗ് ടെക്നോളജി
ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചാൽ മാത്രം പോരാ അതു ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം കൂടി കണ്ടെത്തുക എന്നതു സംരംഭകൻ എന്ന നിലയിൽ ബ്രിജിത് നേരിട്ട വലിയ വെല്ലുവിളിയായിരുന്നു.
അതിനായി അദ്ദേഹം കണ്ടെത്തിയതു യുദ്ധമുഖങ്ങളിൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ പട്ടാളക്കാർക്കു ഭകഷണം എത്തിക്കാൻ ഉപയോഗിച്ച ജപ്പാൻ ടെക്നോളജിയാണ്. പൂർണമായും യന്ത്രസഹായത്തോടെ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ പൗച്ചുകളിലാക്കി നിശ്ചിത അളവിൽ നിശ്ചിത സമയം ചൂടും പ്രഷറും നൽകി പൗച്ചുകൾ സീല് ചെയ്തെടുക്കുന്ന രീതിയാണ് റിട്ടോർട്ടിംഗ്.
ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ വർഷങ്ങളോളം കേടുകൂടാതെയിരിക്കും. ലാബിനൊപ്പം ഈ സംവിധാനം കൂടി ഒരുക്കാൻ 73 ലക്ഷം രൂപ ചെലവ് വന്നു. കശുവണ്ടി മാത്രമല്ല, കപ്പ, ചക്ക, തേങ്ങ, വാഴക്ക ചിപ്സ് തുടങ്ങി എന്തും റിട്ടോർട്ടിംഗ് രീതിയിലൂടെ ദീർഘനാൾ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനാകും.
20 ൽ അധികം ഉത്ന്നങ്ങൾ
മുളപ്പിച്ച കശുവണ്ടി പരിപ്പ് ഉപയോഗിച്ച് 20 ൽ അധികം മൂല്യ വർധിത ഉത്പന്നങ്ങളാണ് ഈറ്ററി മലബാറിക്കസിൽ നിർമിക്കുന്നത്. മൂന്നു തരം അച്ചാറുകൾ, എട്ടു തരം കറികൾ, ജ്യൂസ്, ഉപ്പിലിട്ടത്, സൂപ്പ് മിക്സ്, പച്ച കശുവണ്ടി പരിപ്പ് തുടങ്ങിയവയാണ് വിപണയിലെത്തിക്കുന്ന ഉത്പന്നങ്ങൾ.
കൂടാതെ കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും. ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള കഞ്ഞിയാണ് അടുത്തതായി പുറത്തിറക്കുന്ന ഉത്പന്നം. ഇവയിലെല്ലാം പ്രിസർവേറ്റിവ്സ് ചേർക്കാതെ, റിട്ടോർട്ടിംഗ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ ആരോഗ്യ പ്രശനങ്ങൾ തെല്ലുമില്ല.

ഓണ്ലൈൻ മാർക്കറ്റ്
ഉത്പന്നങ്ങളുടെ വിപണന സാധ്യത കണ്ടെത്തുന്നത് ഓണ്ലൈനിലൂടെയാണ്. എക്സ്പോർട്ടിംഗ് ലൈസൻസ് ഉണ്ടെങ്കിലും കൂടുതലും മറ്റ് ഏജൻസികൾ വഴിയാണ് ഉത്പന്നങ്ങൾ വിദേശ മാർക്കറ്റുകളിൽ എത്തിക്കുന്നത്.
കൂണും കിണ്ണത്തപ്പവും
ഭാര്യ ശ്രീഷ്മയുടെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈറ്ററി മലബാറിക്കസിന്റെ രണ്ട് സഹോദര സംരംഭങ്ങളാണ് മഷ്റൂമും കിണ്ണത്തപ്പവും. മഷ്റൂം അധികവും ഫാക്ടറി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ, കിണ്ണത്തപ്പത്തിന് മാർക്കറ്റിൽ നല്ല ഡിമാൻഡാണ്.
മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഘടകം നല്ല ലാബ് സൗകര്യമാണ്. അത്തരം സംരംഭകരെക്കൂടി ഉദ്ദേശിച്ചാണ് ഈറ്ററി മലബാറിക്കസ് ആധുനിക ലാബും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. നിശ്ചിത ഫീസ് നൽകി ആർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം.
തുടക്കം ട്വന്റി ട്വന്റിയിൽ
ട്വന്റി ട്വന്റിയിലാണ് ഈറ്ററി മലബാറിക്കസിന്റെ തുടക്കം. പുതിയ ഫാക്ടറി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. നാല് കോടി രൂപ മുടക്കി വിദേശ കന്പനികളോട് കിടപിടിക്കത്തക്ക വിധത്തിലാണ് നിർമാണം. പുതിയ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനം.
ഫാക്ടറിക്ക് കേന്ദ്ര സർക്കാരിന്റെ കൃഷി വികസന ഫണ്ടിൽ നിന്നു രണ്ട് കോടി രൂപയുടെ വായ്പയുണ്ട്. ആർകെവിവൈ പ്രകാരം 25 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചു. ഐടി രംഗത്തു നിന്നു സംരംഭകനിലേക്കുള്ള ബ്രിജിത്തിന്റെ മാറ്റത്തിൽ താങ്ങും തണലുമായി ഭാര്യ ശ്രീഷ്മ ഒപ്പമുണ്ട്.
നചികേത് കൃഷ്ണ, ജ്ഞാനേഷ് കൃഷ്ണ എന്നിവരാണ് മക്കൾ. 2023 ലെ ബെസ്റ്റ് കാഷ്യൂ സംരംഭകനുള്ള ദേശീയ അവാർഡ് ബ്രിജിത് കൃഷ്ണയ്ക്കായിരുന്നു.
ഫോണ്: 9447178995.