യൂട്യൂബ് 17 മലയാളം ചാനലുകൾക്ക് പത്തു ലക്ഷത്തിലധികം വരിക്കാർ
Monday, July 29, 2019 3:55 PM IST
കൊച്ചി: യൂട്യൂബിലെ മലയാളം ഉള്ളടക്കത്തിനു വലിയ വളർച്ച രേഖപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. 17 മലയാളം യൂട്യൂബ് ചാനലുകൾക്ക് ഒരു ദശലക്ഷത്തിലധികം വരിക്കാരും 50 മലയാളം ചാനലുകൾക്ക് 5-10 ലക്ഷത്തിനിടയ്ക്കു വരിക്കാരും 400ലധികം മലയാളം ചാനലുകൾക്ക് ഒരു ലക്ഷത്തിലധികം വരിക്കാരുമാണു നിലവിലുള്ളത്. കോമഡി, മ്യൂസിക്, ഫുഡ്, ടെക്നോളജി, പഠനം എന്നീ വിഭാഗങ്ങളിലുള്ള മലയാളം ഉള്ളടക്കങ്ങൾക്ക് ഓരോ വർഷവും 100 ശതമാനം കാഴ്ചയാണു വർധിക്കുന്നത്.
ടെക്നോളജി ചാനലായ എം4ടെക്, വില്ലേജ് ഫുഡ് ചാനൽ, വീണാസ് കറി വേൾഡ്, അഭിജിത്ത് പിഎസ് നായർ എന്നീ ചാനലുകൾക്ക് വളരെ വലിയ വളർച്ചയാണുണ്ടായത്. 265 ദശലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയിൽ ഓരോ മാസവും യൂട്യൂബിലേക്ക് വരുന്നതെന്നു യൂട്യൂബിന്റെ കണ്ടന്റ് പാർട്ണർഷിപ്സ് ഇന്ത്യൻ ഡയറക്ടർ സത്യരാഘവൻ പറഞ്ഞു. 2014 ൽ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം വരിക്കാരുള്ള 16 യൂട്യൂബ് ചാനലുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചാനലുകളുടെ എണ്ണം 1200 ആണ്.