കിടിലന്‍ ഫീച്ചറുകളുമായി സാംസംഗ് ഗ്യാലക്‌സി എസ് 21 അള്‍ട്രാ; വിശേഷങ്ങള്‍ ഇങ്ങനെ
കിടിലന്‍ ഫീച്ചറുകളുമായി സാംസംഗ് ഗ്യാലക്‌സി എസ് 21 അള്‍ട്രാ; വിശേഷങ്ങള്‍ ഇങ്ങനെ
Tuesday, February 2, 2021 12:55 PM IST
സാംസംഗ് അടുത്തിടെ പുറത്തിറക്കിയ ഗ്യാലക്‌സി എസ് 21 അള്‍ട്രാ ഇതുവരെ കമ്പനി പുറത്തിറക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച എസ് സീരിസ് ഫോണ്‍ എന്നല്ല കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളില്‍ തന്നെ ഒന്നാണ്.

സാംസംഗ് നോട്ടിനൊപ്പം നല്‍കിവന്നിരുന്ന എസ് പെന്‍ സ്റ്റൈലസ്, കരുത്തുറ്റ പ്രൊസസര്‍, ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന ഫോണ്‍ ക്യാമറ, മികച്ച ഡിസ്‌പ്ലേ, പ്രീമിയം ലുക്ക്, 8കെ വിഡിയോ റെക്കോര്‍ഡിംഗ് അടക്കം ഒരു പിടി ആകര്‍ഷക ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ഈ ഫോണ്‍ നിര്‍മിക്കുന്നതില്‍ സാംസംഗ് കമ്പനി ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി ഈ ഫോണ്‍ വാങ്ങുന്നത് വിലയ്ക്കുള്ള മൂല്യമാകുമോ? അതോ എസ് 21 അള്‍ട്രായുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മറ്റു മോഡലുകള്‍ പരീക്ഷിക്കണോ?

സാംസംഗിന്റെ ഫ്‌ളാഗ് ഷിപ് ഫോണിന്റെ വിശേഷങ്ങള്‍ അറിയാം.

സ്‌ക്രീന്‍

എസ് 21 അള്‍ട്രായുടെ 6.8 ഇഞ്ച് വൈഡ് ക്വാഡ് എച്ച്ഡി, ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ്.

സ്‌ക്രീനിലെ കണ്ടന്റ് അനുസരിച്ച് 10ഹാട്ട്‌സ് മുതല്‍ 120 ഹാട്‌സ് വരെയാണ് റിഫ്രഷ് റേറ്റ്. കോണിംഗ് ഗോറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷന്‍ മുന്‍പിലും പിന്നിലും നല്‍കിയിരിക്കുന്നു.



ബോഡി

കെട്ടിലും മട്ടിലും പ്രീമിയമായ ബോഡിയും ലുക്കും തന്നെയാണ് എസ് 21 അള്‍ട്രായ്ക്കുള്ളത്. 75.6 എംഎം വീതി, 165.1 എംഎം നീളം, 8.9 എംഎം കനം എന്നിങ്ങനെയാണ് കാഴ്ചയില്‍ പ്രീമിയം എന്നു തോന്നുന്ന ഈ വമ്പന്റെ അഴകളവുകള്‍. 228 ഗ്രാമാണ് ഭാരം.

പുറത്തേക്കു ചെറുതായി തള്ളിനില്‍ക്കുന്ന ക്യാമറയും ഷാര്‍പ് എഡ്ജുകളുമാണ് ഫോണിനുള്ളത്. ചുരുക്കത്തില്‍ ചെറിയ കൈകള്‍ ഉള്ളവര്‍ക്ക് കൈയിലൊതുങ്ങില്ല ഈ ഫോണ്‍. ചെറിയ ചില മോഡിഫിക്കേഷന്‍ നടത്തിയതൊഴിച്ചാല്‍ പഴയ എസ് 20-യുമായി താരതമ്യം ചെയ്യുമ്പോള്‍ പറയത്തക്ക അപ്‌ഡേഷന്‍ പുതിയ ഫോണിന്റെ ഡിസൈനില്‍ കാണാനില്ല.

പെര്‍ഫോമന്‍സ്

ചിപ് നിര്‍മാണത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുന്ന 5എന്‍എം ടെക്‌നോളജിയില്‍ അധിഷ്ഠിതമായ എക്‌സിനോസ് 2100 5ജി (Exynos 2100 5G SoC) ചിപ്പാണ് എസ് 21 അള്‍ട്രായുടെ ഉള്‍ക്കരുത്ത്. 8കെ വിഡിയോ റെക്കോര്‍ഡിംഗ്, ഗേമിംഗ്, വിഡിയോ എഡിറ്റിംഗ്, മള്‍ട്ടി ടാസ്‌കിംഗ് എന്നിവയിലെല്ലാം മികച്ച പെര്‍ഫോമന്‍സ് തന്നെ ലഭിക്കുന്നു.



അതേ സമയം, 8കെ റെക്കോര്‍ഡിംഗ് നടത്തുമ്പോഴും ഗെയിം കളിക്കുമ്പോഴും ഫോണ്‍ ചൂടാകുന്നുണ്ട്. എസ് 20യെ അപേക്ഷിച്ച് 20ശതമാനം സിപിയു പെര്‍ഫോമന്‍സും 35ശതമാനം ജിപിയു പെര്‍ഫോമന്‍സുമാണ് കമ്പനിയുടെ വാഗ്ദാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രണ്ടുമടങ്ങ് മികച്ചതാണെന്നും കമ്പനി പറയുന്നു.

സ്‌റ്റോറേജ്

രണ്ടു സ്‌റ്റോറേജ് വേരിയന്റുകളാണ് കമ്പനി നല്‍കുന്നത്. 12 ജിബി റാം 256 ജിബി മെമ്മറി വേരിയന്റിന് 105,999 രൂപയും 16 ജിബി റാം 512 ജിബി മെമ്മറി വേരിയന്റിന് 116,999 രൂപയുമാണ് വില. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല.


ബാറ്ററി ലൈഫ്

ഒറ്റ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ ഫോണ്‍ കൂളായി ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. 5000 മില്ലി ആമ്പിയര്‍ ബാറ്ററി അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 90 മിനിട്ട് മതിയാകും.

ക്യാമറ

സാംസംഗ് ഗ്യാലക്‌സ് എസ് 21 അള്‍ട്രായുടെ ക്യാമറ ഏറ്റവും മികച്ച് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ ഒന്നാണ്. ക്വാഡ് (4) ക്യാമറ സെറ്റപ്പാണ് എസ് 21ല്‍ ഉള്ളത്.

12എംപി ഡ്യുവല്‍ പിക്‌സല്‍ എഎഫ് അള്‍ട്രാ വൈഡ്, ഫേസ് ഡിറ്റക്ഷന്‍ എഎഫ് എഫ്1.8 വൈഡ് ക്യാമറകള്‍ക്കൊപ്പം 10 എംപിയുടെ രണ്ട് ടെലിഫോട്ടോ ലെന്‍സുകളും നല്‍കിയിരിക്കുന്നു. യഥാക്രമം 3എക്‌സ്, 10എക്‌സ് ഒപ്ടിക്കല്‍ സൂം നല്‍കാന്‍ ശേഷിയുള്ളതാണ് ഈ ടെലിഫോട്ടോ ലെന്‍സുകള്‍.

100എക്‌സ് ഡിജിറ്റല്‍ സൂം, ലേസര്‍ ഓട്ടോ ഫോക്കസ് ഫീച്ചറുകളുമുണ്ട്. ഹൈ സൂം ഉപയോഗിക്കുമ്പോള്‍ ഫോട്ടോയ്ക്കു മികച്ച ക്ലാരിറ്റി നല്‍കുന്നതിനായി സൂം ലോക്ക് ഫീച്ചറും നല്‍കിയിരിക്കുന്നു.

നോണ ബിന്നിംഗ് ടെക്‌നോളജി (12എംപി x 9) 108 എംപി റെസല്യൂഷന്‍ നല്‍കുന്നു. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രം പകര്‍ത്താന്‍ ഇതു സഹായിക്കുന്നു. നോയിസ് റിഡക്ഷന്‍ ഫീച്ചറും ക്യാമറയിലുണ്ട്.

മികച്ച വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതു പോലെ ലൈറ്റിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുന്നതിന് വ്യത്യസ്ത മോഡുകളും ക്യാമറയിലുണ്ട്. 40 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് നല്‍കിയിരിക്കുന്നത്.


വിഡിയോ റെക്കോര്‍ഡിംഗ്

24 ഫ്രേം പെര്‍ സെക്കന്‍ഡില്‍ 8-കെ വിഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടു ചെയ്യുന്ന ഫോണില്‍ വിവിധ മൈക്കുകള്‍ ഒരേ സമയം ഉപയോഗിക്കാനുള്ള ഓപ്ഷനുമുണ്ട്. റെക്കോര്‍ഡു ചെയ്ത വിഡിയോയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിഡിയോ സ്‌നാപ് ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.

60 എഫ്പിഎസില്‍ 4കെ വിഡിയോ പകര്‍ത്താം. പിന്‍ ക്യാമറയ്ക്കു പുറമെ മുന്‍ ക്യാമറയിലും ഇതേ റെസലൂഷനില്‍ 4കെ വിഡിയോ പകര്‍ത്താം. 12 -ബിറ്റ് റോ (RAW) ഫയല്‍ ഓപ്ഷനും ഫോണിലുണ്ട്.

ഡയറക്ടേഴ്‌സ് വ്യൂ

ഡയറക്ടേഴ്‌സ് വ്യൂ ഫീച്ചറാണ് ഈ എസ് 21 അള്‍ട്രാ ക്യാമറയുടെ മറ്റൊരു പ്രത്യേകത. പിന്‍ ക്യാമറകളും മുന്‍ക്യാമറകളും ഉപയോഗിച്ച് ഒരേ സമയം വിഡിയോ പകര്‍ത്തുമ്പോള്‍ ഓരോ വിഡിയോയും കൃത്യമായി സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.

എസ് പെന്‍

എസ് 21 എല്ലാ എസ് പെന്‍ സപ്പോര്‍ട്ടു ചെയ്യും. എന്നാല്‍ ഫോണിനൊപ്പം എസ് പെന്‍ നല്‍കിയിട്ടില്ല. എസ് പെന്‍ സ്ലോട്ടും ഫോണിലില്ല. എസ് പെന്‍ വാങ്ങുന്നവര്‍ അതിനുവേണ്ടി എസ് പെന്‍ സ്ലോട്ട് ഉള്ള ഫോണ്‍ കവര്‍ കൂടെ വാങ്ങണം.

ആക്‌സസറീസ്

എസ് 21 ഫോണിനൊപ്പം ടൈപ്പ്-സി ചാര്‍ജിംഗ് കേബിള്‍ അല്ലാതെ മറ്റൊരു ആക്‌സസറീസും സാംസംഗ് നല്‍കുന്നില്ല. ഇയര്‍ഫോണ്‍, ചാര്‍ജിംഗ് അഡാപ്റ്റര്‍ എന്നിവയും ബോക്‌സിലില്ല.

ഡെക്‌സ് സപ്പോര്‍ട്ട്

ഏതൊരു മോണിട്ടറിനെയും പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആക്കി മാറ്റാന്‍ സഹായിക്കുന്ന ഡെക്‌സ് സപ്പോര്‍ട്ട് സഹിതമാണ് എസ് 21 എത്തുന്നത്. ഇതു മൂലം മറ്റു പിസിയുമായോ ലാപ്‌ടോപ്പുമായോ കണക്ട് ചെയ്ത് അനായാസം ഉപയോഗിക്കാം.