മറവിയുണ്ടോ? മരുന്നുമായി ജിയോ
Saturday, July 13, 2024 3:02 PM IST
മറവി മനുഷ്യ സഹജമാണ്. താക്കോല്‍, പഴ്സ്, ഫോണ്‍ തുടങ്ങിയ പലതും എവിടെയെങ്കിലും വച്ച് മറക്കും. മറവിക്ക് പല മരുന്നുകള്‍ വിപണിയിലുണ്ടെങ്കിലും ഒരു ഗാഡ്ജറ്റ് മരുന്നുമായി എത്തിയിരിക്കുകയാണ് ജിയോ.
പുതിയ ജിയോ ടാഗ് എയര്‍ എന്ന സ്മാര്‍ട്ട് ട്രാക്കര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ജിയോ ടാഗ് എയര്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജിയോ തിംഗ്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ജിയോ ടാഗ് എയര്‍ ഉപയോഗിക്കാം.
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ ഫൈന്റ് മൈ ആപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരേ സമയം ഒരു ആപ്പുമായി മാത്രമേ ജിയോ ടാഗ് പ്രവര്‍ത്തിക്കൂ.
ആപ്പു ജിയോ ടാഗ് എയറിനൊപ്പം ഒരു ലാന്‍യാര്‍ഡ് ലഭിക്കും ഇത് ഉപയോഗിച്ച് ടാഗ് കീചെയിന്‍, ബാഗ് പോലുള്ളവയുമായി ബന്ധിപ്പിക്കാം.
ബാറ്ററിയ്ക്ക് 12 മാസത്തോളം ചാര്‍ജ് ലഭിക്കുമെന്നാണ് ജിയോ പറയുന്നത്. ജിയോ ടാഗിന്റെ അടുത്തെത്തിയാല്‍ കൃത്യമായ ഇടം കണ്ടുപിടിക്കുന്നതിനായി പ്രത്യേകം സ്പീക്കറും ഇതിനുണ്ട്.
ആപ്പിള്‍ ഫൈന്റ് മൈ ആപ്പുമായും ജിയോ തിംഗ്സ് ആപ്പുമായും ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന ജിയോ ടാഗ് എയര്‍ ജിയോ മാര്‍ട്ടില്‍ നിന്ന് വാങ്ങാം. ചുവപ്പ്, നീല, ഗ്രേ നിറങ്ങളിലാണ് ഇത് വില്പനയ്ക്കെത്തിയിരിക്കുന്നത്.
ഒട്ടേറെ ഫീച്ചറുകളുള്ള ജിയോ ടാഗ് എയറിന് 1499 രൂപയാണ് വില. റിലയന് ഡിജിറ്റല്‍, ജിയോ മാര്‍ട്ട്, ആമസോണ്‍ എന്നിവടങ്ങളില്‍നിന്നു ഓഫറില്‍ ജിയോ ടാഗ് വാങ്ങിക്കാം.