പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ 11 ദിവസം അജ്ഞാതനായി തുടർന്നു.
ഒടുവിൽ മരണശേഷമാണ് കഴക്കൂട്ടം സ്വദേശം ജോണ്‍സന്റെ കുടുംബത്തെ ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ 17നാണ് അപകടത്തിൽ പരിക്കേറ്റ ജോണ്‍സണെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരുന്നിട്ടും കുടുംബത്തെയോ പൊലിസിനെയോ വിവരം അറിയിക്കാൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിച്ച ശേഷമാണ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. ആശുപത്രി അധികൃതരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജോണ്‍സന്റെ കുടുംബം രംഗത്തെത്തി. ഇതോടെ വിശദമായ അന്വേഷണത്തിനു മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ആരോഗ്യമന്ത്രി കെ. മുരളീധരൻ ചുമതലപ്പെടുത്തി.
അതേസമയം, ജോണ്‍സണെ കാണാനില്ലെന്ന പരാതിയിൽ പോത്തൻകോട് പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നുവെന്നും മരണശേഷമാണ് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള വിവരം തങ്ങൾ അറിഞ്ഞതെന്നും പൊലിസ് പറയുന്നു.
എന്നാൽ, പൊലിസിനെ കുറ്റപ്പെടുത്തി ആശുപത്രി അധികൃതരും രംഗത്തെത്തി. പൊലിസ് പറയുന്നത് ശരിയല്ലെന്നും, രോഗിയെ പ്രവേശിപ്പിച്ചപ്പോൾ തന്നെ പൊലിസ് എയ്ഡ് പോസ്റ്റിലും രണ്ടു തവണ മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നുവെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു.
ചുമതലയിൽനിന്ന് ഒഴിവാക്കി
വാഹനാപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രോഗിയുടെ പേരും മറ്റു വിവരങ്ങളും യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടിക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കാഷ്വാലിറ്റി പിആർഒയെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് മാറ്റിനിർത്തി.
കാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിംഗ് ഓഫീസർമാരെയും ചുമതലയിൽനിന്ന് മാറ്റി.
കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരോടു വിശദീകരണം തേടി.
സംഭവത്തിൽ അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് മന്ത്രി നിർദേശം നൽകി.
Tags : Johnson Medical College unidentified family learned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash