മികച്ച പബ്ലിക് ഹെല്‍ത്ത് നഴ്സിനെ ‘നാര്‍ഡ് ’ആദരിച്ചു
1564090
Sunday, June 1, 2025 6:51 AM IST
നെയ്യാറ്റിന്‍കര : മികച്ച പബ്ലിക് ഹെല്‍ത്ത് നഴ്സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഫ്ളോറന്‍സ് ജോണിന് ജന്മനാട്ടില് സ്നേഹാദരം. നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റി (നാര്‍ഡ്) ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുകൃതം ചടങ്ങിലാണ് ഫ്ളോറന്‍സ് ജോണിനെ ആദരിച്ചത്.
കര്‍ഷക കുടുംബാംഗങ്ങളായ ദാസന്റെയും കമലയുടെയും മകളായ ഫ്ളോറന്‍സ് 1999 ജനുവരി പതിനഞ്ചിന് സര്‍ക്കാര്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായി പ്രവേശിച്ചു. പാലക്കാട് ജില്ലയിലെ പള്ളിപ്പുറം പി.എച്ച്.സി യിലായിരുന്നു ആദ്യനിയമനം.
ചാലിശേരി, ചെന്പൂര്, പെരുന്പഴുതൂര്‍, പെരുങ്കടവിള മുതലായവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ടിച്ചു. കോവിഡ് കാലത്ത് നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ മികവാര്‍ന്ന സേവനം അനുഷ്ടിച്ചതിന് ഒട്ടേറെ ആദരവും അനുമോദനവും ലഭിച്ചിട്ടുണ്ട്.
പള്ളിച്ചല്‍ എഫ്.എച്ച്.സി യില്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായിരിക്കവെയാണ് ഈ വര്‍ഷത്തെ പുരസ്കാരം ഫ്ളോറന്‍സ് ജോണിന് പ്രാപ്തമായത്. പെരുന്പഴുതൂര്‍ കീളിയോട് കൃപാനിലയത്തില്‍ വിമുക്ത ഭടന് ജോണ്‍ റോസിന്റെ ഭാര്യയാണ്.
മക്കള്‍ ഡോ. ആര്വിന് ജോണ്‍, എംബിബിഎസ് വിദ്യാര്‍ഥി അഖില്‍. ഇന്നലെ പെരുന്പഴുതൂര്‍ ക്ഷീരസംഘം ഹാളില്‍ ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ പി.എസ്.സി അംഗം അഡ്വ. വി.എസ് ഹരീന്ദ്രനാഥ് നാര്‍ഡിന്റെ സ്നേഹോപഹാരം ഫ്ളോറന്‍സ് ജോണിന് സമര്‍പ്പിച്ചു.