ഒരു ലക്ഷം രൂപയുടെ ഇലക്ട്രിക് വയർ മോഷണം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
1584802
Tuesday, August 19, 2025 2:07 AM IST
പേരൂർക്കട: ഒരു ലക്ഷം രൂപയുടെ ഇലക്ട്രിക് വയർ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പശ്ചിമബംഗാൾ മുർഷിദാബാദ് മൊക്താർപൂർ സ്വദേശി സമീം അക്തർ (23) ആണ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരുന്നത്.
മ്യൂസിയം സ്റ്റേഷൻ പരിധിയിൽ കുന്നുകുഴി തമ്പുരാൻമുക്ക് മടവിളാകം ലെയിനിൽ ശാരികയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീട്ടിൽനിന്ന് ഒരാഴ്ച മുമ്പ് ഏകദേശം 30,000 രൂപയുടെ ഇലക്ട്രിക് വയർ ഇയാൾ മോഷ്ടിച്ച് കടത്തിയിരുന്നു. പണി നടന്നുവരുന്ന കെട്ടിടത്തിനു സമീപത്തെ ഷെഡിനുള്ളിലാണ് ഇലക്ട്രിക് വയറുകൾ സൂക്ഷിച്ചിരുന്നത്.
ചാലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒപ്പം താമസിച്ചു വരുന്ന ഇയാൾ ചാലയിലെ ഒരു കടയിലാണ് തൊണ്ടിമുതൽ വില്പന നടത്തിയതെന്നു പോലീസിനു മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ കണ്ണാശുപത്രിക്ക് സമീപത്തായി പണി നടന്നുവരുന്ന കെട്ടിടത്തിനുള്ളിൽനിന്ന് ഇയാൾ ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന വയറുകൾ ആണ് ഇയാൾ മോഷ്ടിച്ച് കടത്തിയത്. ഈ തൊണ്ടിമുതലും ചാലയിൽ തന്നെ പ്രതി വിറ്റു എന്നാണ് പോലീസ് കരുതുന്നത്. മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലായ പ്രതിയെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ പ്രജീഷ് ശശി അറിയിച്ചു.
കണ്ണാശുപത്രിക്ക് സമീപത്തെ മോഷണത്തിനു ശേഷമാണ് മ്യൂസിയം സ്റ്റേഷൻ പരിധിയിലെ വീടിന് സമീപത്തെ ഷെഡ്ഡ് കുത്തിത്തുറന്നു മോഷണം നടത്തിയത് എന്നാണ് സൂചന. തിരുവനന്തപുരം നഗര പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി അഞ്ചു ലക്ഷത്തിലേറെ രൂപ വില വരുന്ന ഇലക്ട്രിക് വയറുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് കരുതുന്നു.
മിക്ക സ്ഥലങ്ങളിലും ഒരേ തരത്തിലുള്ള മോഷണമാണ് ഇയാൾ നടത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ മോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നു കന്റോൺമെന്റ് പോലീസ് അറിയിച്ചു.