പൂജപ്പുരയിലെ ജയില്‍വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം; നാലുലക്ഷം രൂപ കവര്‍ന്നു
1584805
Tuesday, August 19, 2025 2:07 AM IST
പേരൂര്‍ക്കട: പൂജപ്പുരയില്‍ ജയില്‍വകുപ്പിന്റെ ഭക്ഷണശാലയിലുണ്ടായ മോഷണത്തില്‍ നാലുലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും അ ഞ്ചു മണിക്കും ഇടയിലായിരു ന്നു മോഷണമെന്നാണ് പോലീസിന്റെ അനുമാനം.
പൂജപ്പുര-ചാടിയറ റോഡില്‍ പ്രവര്‍ത്തിക്കുന്ന കഫറ്റേറിയയുടെ പിന്‍വശത്തെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടമായത്. കഫറ്റേറിയയുടെ ഗേറ്റ് അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. കഫറ്റേറിയയ്ക്കു സമീപമാണു താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇവിടെയുള്ള ചില്ലുകൂടു തകര്‍ത്തശേഷം താക്കോലെടുത്ത് ഓഫീസ് തുറന്നു പണം കവരുകയായിരുന്നു.
അവധി ദിനങ്ങളായ 14, 15, 16, 17 തീയതികളിലെ കളക്ഷന്‍ തുകയാണ് ഓഫീസ് മുറിയില്‍ ഉണ്ടായിരുന്നത്. ബാങ്ക് അവധി ദിനങ്ങളായതിനാല്‍ തുക ബാങ്കില്‍ നിക്ഷേപിക്കാതെ ഓഫീസ് റൂമില്‍ സൂക്ഷിച്ചു വരികയായിരുന്നു. ഗേറ്റ് കുത്തിത്തുറന്നിട്ടില്ലാത്തതിനാല് കഫറ്റേറിയയെക്കുറിച്ച് അറിയാവുന്ന ആരെങ്കിലുമാകും കൃത്യം നിര്വഹിച്ചിരിക്കുന്നതെന്നു പോലീസ് കരുതുന്നു. മതില് ചാടിക്കടന്നു താക്കോല്‍ കൈക്കലാക്കി ഓഫീസ് മുറി തുറക്കുകയായിരുന്നു.
അതേസമയം കഫറ്റേറിയയില് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദിശ മാറ്റിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മോഷണവിവരം കാമറയില്‍ പതിഞ്ഞിട്ടില്ലെന്നാണു നിഗമനം. കഫറ്റേറിയയെക്കുറിച്ചും താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ചും ഓഫീസ് മുറിയെക്കുറിച്ചും അറിയാവുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലൊരു മോഷണം ആസൂത്രണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ അടുത്തിടെ പൂജപ്പുര ജയിലില്‍ നിന്നു തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ ആരെങ്കിലുമാണോ മോഷണത്തിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. ചപ്പാത്തി, ചിക്കന്‍കറി, പച്ചക്കറി എന്നിവയാണ് കഫറ്റേറിയയില് നിന്നു വിതരണം ചെയ്തു വരുന്നത്. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.