നെടുമങ്ങാട് നഗരസഭ "വനിതാ തിയറ്റർ വനിതാ ജംഗ്ഷൻ'
1584794
Tuesday, August 19, 2025 2:07 AM IST
നെടുമങ്ങാട്: നഗരസഭയുടെ വാർഷിക പദ്ധതികളായ വനിതാ തിയറ്റർ വനിതാ ജംഗ്ഷൻ കവി അയ്യപ്പൻ വീഥിയിൽ അരങ്ങേറി. പൊതുവിടങ്ങൾ ഞങ്ങളുടേതു കൂടിയാണ് എന്ന ആശയത്തെ അന്വർഥമാക്കുന്ന തരത്തിൽ കവി അയ്യപ്പൻ വീഥിയിൽ വീട്ടമ്മമാരുടെയും, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ വനിതകളുടെയും വിവിധതരത്തിലുള്ള കലാപരിപാടികൾ നടത്തി. ഉച്ചയ്ക്ക് 2.30നു തുടങ്ങിയ പരിപാടികൾ വെളുപ്പിന് രണ്ടരയോടുകൂടി പൂത്തിരി മേളവും കലാശക്കൊട്ടോടും കൂടി സമാപിച്ചു.
വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ്. അയ്യർ വനിതാ ജംഗ്ഷൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ശരണ്യ സ്വാഗതം പറഞ്ഞു. സിനിമ സീരിയൽ താരം അഞ്ജിത നായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, വികസനകാര്യ ചെയർപേഴ്സൺ സിന്ധു, വാർഡ് കൗൺസിലർ ആദിത്യ വിജകുമാർ എന്നിവർ പ്രസംഗിച്ചു.
നഗരസഭയിലെ 39 വാർഡുകൾ പ്രതിനിധീകരിച്ചു നിരവധി വനിതകളും, നഗരസഭയിലെ വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വനിതകൾ, അങ്കണവാടി പ്രവർത്തകർ ഹരിത കർമസേന, കുടുംബശ്രീ, ആശാ പ്രവർത്തകർ, വായോ ക്ലബ്ബുകൾ എന്നിവർ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ സുബി സോമൻ നന്ദി പറഞ്ഞു.