മുക്കുപണ്ടം പണയംവച്ചു പണം തട്ടുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍
1585402
Thursday, August 21, 2025 6:44 AM IST
മുഖ്യ സൂത്രധാരൻ പിടിയിലായത് തൃശൂരിൽനിന്ന്
പേരൂര്‍ക്കട: മുക്കുപണ്ടം പണയംവച്ച് പണംതട്ടുന്ന അഞ്ചംഗ സംഘത്തെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കൊല്ലം മുണ്ടോലില്താഴത്തില് ചാരിക്കോട് കോട്ടാംകര സ്വദേശി അഖില്‍ ക്ലീറ്റസ് (30), പേരൂര്‍ക്കട വഴയില എം.ജി. നഗര്‍ 57 എച്ച് ധന്യ ഹൗസില്‍ ജെ.ആര്. പ്രതീഷ്കുമാര്‍ (57), പത്തനംതിട്ട തണ്ണിത്തോട് തേക്കുതോട് ആശാരിപ്പറമ്പില്‍ സണ്ണി (69), ഇയാളുടെ മകന് സ്മിജു സണ്ണി (40), കുടപ്പനക്കുന്ന് ചെട്ടിവിളാകം എന്‍സിസി റോഡ് ബിഎന്ആര്എ 73 ഷിനില ഭവനില്‍ ജിത്തു എന്ന ഷെജിന്‍ (30) എന്നിവരാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കേന്ദ്രമായുള്ള സംഘങ്ങളുടെ സഹായത്തോടെയാണ് മുക്കുപണ്ടം ശേഖരിച്ചശേഷം അതില്‍ സ്വര്‍ണംപൂശി പ്രതികള്‍ തട്ടിപ്പു നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളും ഒരു കൊലപാതകക്കേസുമുള്ള അഖില്‍ ക്ലീറ്റസാണു സംഭവത്തിന്റെ സൂത്രധാരന്‍. ഇയാള്‍ തിരുവനന്തപുരത്തു താമസിക്കുമ്പോഴാണ് മറ്റുള്ള പ്രതികളുമായി പരിചയപ്പെടുന്നത്.
വഴയില, മണ്ണാമ്മൂല എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലാണ് നിരവധി മുക്കുപണ്ടങ്ങളില്‍ സ്വര്‍ണംപൂശി പണയംവച്ച് പണം തട്ടിയത്. ആറുമാസത്തിനുശേഷം പ്രസ്തുത സ്ഥാപനങ്ങളില്‍ ഇവര്‍ എത്തുകയും ആഭരണങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്തു. പണമിടപാടു സ്ഥാപന ഉടമകള്‍ ചാലയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്താന്‍ എത്തിയപ്പോള്‍ അവര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടങ്ങളാണെന്നു തെളിഞ്ഞത്.
പേരൂര്‍ക്കട സ്റ്റേഷനില്‍ 2025 ഓഗസ്റ്റ് 14നാണ് ഇതുസംബന്ധിച്ച പരാതി ലഭിക്കുന്നത്. സണ്ണി, മകന് സ്മിജു സണ്ണി എന്നിവരാണ് വ്യാജസ്വര്‍ണം മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കിയത്.
സംസ്ഥാനം മുഴുവന്‍ വ്യാജസ്വര്ണവിതരണം നടത്തുന്ന കണ്ണിയാണ് അഖില്‍ ക്ലീറ്റസ്. നിരവധി ക്രിമിനല്‍ക്കേസുകളും തട്ടിപ്പുകേസുകളും അഖിലിനെതിരേയുണ്ട്. പ്രതികളില്‍ സൂത്രധാരനെ തൃശൂര്‍ ചാലക്കുടിയില്‍നിന്നും മറ്റൊരാളെ കൊല്ലം കിളികൊല്ലൂരില്നിന്നും മറ്റുള്ളവരെ പേരൂര്‍ക്കട ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ വന്‍ റാക്കറ്റുതന്നെയുണ്ടെന്നും അന്വേഷണം തുടര്‍ന്നു വരുന്നുണ്ടെന്നും പേരൂര്‍ക്കട പോലീസ് അറിയിച്ചു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഫറാഷിന്റെ നിര്‍ദ്ദേശപ്രകാരം കന്റോൺമെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലര്‍, പേരൂര്‍ക്കട സിഐ ഉമേഷ്, എസ്ഐ ജഗ്മോഹന് ദത്തന്, ഗ്രേഡ് എസ്ഐ മനോജ്, എസ്സിപിഒമാരായ അനീഷ്, അജിത്ത്, സിപിഒമാരായ അരുണ്‍, രഞ്ജിത്ത് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.