നെടുമങ്ങാട് ഗവ.ബോയ്സ് ഹൈസ്കൂളിൽ വോട്ടെടുപ്പ്
1585201
Wednesday, August 20, 2025 7:13 AM IST
നെടുമങ്ങാട്: ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക ആശയങ്ങൾ വിദ്യാർഥികളിലെത്തിക്കുന്നതിനു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ വേദിയാക്കി നെടുമങ്ങാട് ഗവ. ബോയ്സ് ഹൈസ്കൂൾ.
'വോട്ട് ഫോർ ദ ഫ്യൂച്ചർ - പവേർഡ് ബൈ ക്വാണ്ടം ഐഡിയാസ്" എന്ന ടാഗ്ലൈനോടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൂപ്പർപൊസിഷൻ ക്യാറ്റ്, ക്യുബിറ്റ് ക്യൂബ്, ക്വാണ്ടം വേവ്, ക്വാണ്ടം ലീപ് ഫ്രോഗ് തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിഹ്നങ്ങൾ സ്ഥാനാർഥികൾക്ക് അനുവദിച്ചു.
ജിഎസ്എൽവി മുൻ പ്രോജക്ട് ഡയറക്ടർ എൻ.പി. ഗിരി സ്കൂൾ റേഡിയോ മുഖേനെ അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. ഇ.ഹരികുമാർ "ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ' എന്ന റേഡിയോ പ്രഭാഷണപരമ്പരയ്ക്കു നേതൃത്വം നൽകി. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയും ബാലറ്റിൽ നിഷേധവോട്ട് ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
പേപ്പർ ബാലറ്റാണ് വോട്ടെടുപ്പിനു വേണ്ടി ഉപയോഗിച്ചത്. കേരള യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ കോളജിലെ വിദ്യാർഥിനികളും വോട്ടെടുപ്പിനു നേതൃത്വം വഹിച്ചു.