പെട്രോൾ പമ്പിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ
1585408
Thursday, August 21, 2025 6:44 AM IST
കാട്ടാക്കട: പെട്രോൾ പമ്പിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മൈലോട്ടുമൂഴി സ്വദേശിയായ യുവാവിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകൾക്കകം വഴിയിലുപേക്ഷിച്ചു മുങ്ങിയ സംഘത്തിലെ അഞ്ചാം പ്രതിയായ ഒറ്റശേഖരമംഗലം ചേനാട് ഇ ടക്കോണത്തു വീട്ടിൽ വിഷ് ണു (31)വാണ് പിടിയിലായത്.
കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണക്കാലയുള്ള വീട്ടിൽനിന്നാണു വിഷ് ണുവിനെ പിടികൂടിയത്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായ് ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ(36)യാ ണു സംഘം തട്ടിക്കൊണ്ടു പോയത്.
കള്ളിക്കാട് പെട്രോൾ പമ്പിൽനിന്നും അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് ബിജുവിന്റെ ഭാര്യ കാട്ടാക്കട പോലീസിൽ പരാതി നൽകിയതോടെയാണു സംഭവം പുറത്ത് അറിഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കകം തട്ടിക്കൊണ്ടുപോയവർ ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടുപോയി.
സംഭവം അറിഞ്ഞു കാട്ടാക്കട പോലീസ് സ്ഥലത്തെത്തി ബുജുവിനെ രാത്രിയോടെ കാട്ടാക്കടയിൽ എത്തിച്ചു.ശേഷം ഇയാളെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൊല്ലം സ്വദേശിക്കു മൂന്നു ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നും പോലീസ് കണ്ടെത്തി.
തട്ടിക്കൊണ്ടുപോയ സമയം കാറിൽവച്ച് ബിജു ഗൂഗിൾ പേ വഴി രണ്ടു ലക്ഷത്തോളം അയച്ചു നൽകിയിരുന്നു. ഇതാണ് ഇയാളെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ കാരണമായത്.
കള്ളിക്കാട് പെട്രോൾ പമ്പിൽ കെഎൽ- 29 ക്യു 9928-ാം നമ്പർ ഹോണ്ട സിറ്റി വെള്ള നിറത്തിലെ കാറിൽ പെട്രോളടിക്കാൻ എത്തിയതായിരുന്നു ബിജു. ഈ സമയം ഒരു സംഘം ആളുകൾ സ്ഥലത്തെത്തുകയും ബിജുവിന്റെ കാറിൽ കയറി പോകുന്നതുമാണ് സിസി ടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
വീരണകാവ് മൈലോട്ടുമൂഴി ഗ്രന്ഥശാലയ്ക്ക് സമീപമാണ് ബിജുവും ഭാര്യ ഷിജി മോളും രണ്ടുമക്കളും താമസിക്കുന്നത്. അമരവിളയിൽ ഓൺലൈൻ ട്രേഡിംഗ്, എയർ ടിക്കറ്റ് ബുക്കിംഗ് എന്നിവ നടത്തുന്ന ജോലി ചെയ്യുകയാണ് ബിജു. വിസയുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടു പോകലിൽ എത്തിയത്.