ജനകീയ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യം
1585415
Thursday, August 21, 2025 6:51 AM IST
പൂവാർ: കരുംകുളം പഞ്ചായത്തിൽ പരണിയം വഴിമുക്ക് മുതൽ കൊച്ചുതുറ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം വരുന്ന ജനകീയ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
റോഡ് പൂർണമായും കുത്തിപ്പൊളിച്ച നിലയിലാണ്. ഓട നിർമിക്കുന്നതിനും പൈപ്പ് കുഴിച്ചിടുന്നതിനും നടത്തിയ ജോലികളാണ് റോഡിനെ പൂർണമായും തകർത്തതെന്ന് നാട്ടുകാർ പറയുന്നു. കാൽനട യാത്രപോലും അതുവഴി ദുസഹമാണ്.
റോഡിന്റെ നവീകരണത്തിന് 47 ലക്ഷം രൂപ അനുവദിച്ച എംഎൽഎയ്ക്കും കരുംകുളം പഞ്ചായത്ത് പ്രസിഡന്റിനും അഭിനന്ദനം അറിയിച്ചുകൊണ്ടു പടംവച്ചു ഫ്ലക്സുകൾ ഉയർന്നിട്ട് ആറുമാസം പിന്നിട്ടു. 50 മീറ്റർ ദൂരം ഓട നിർമിച്ചശേഷം, വളവിൽ സ്ലാബ് ഇട്ടത് ഒരുപാട് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
ഒരു മീറ്റർ വീതിയിൽ, അര മീറ്റർ താഴ്ചയിൽ, ഒന്നര കിലോമീറ്റർ ദൂരം ചാലുവെട്ടി മണ്ണു കടത്തൽ കൂടി നടത്തിയതോടെ ജനം തീരാദുരിതത്തിൽ ആയിരിക്കുകയാണ്. രോഗികൾക്കും കുട്ടികകൾക്കും മുതിർന്നവർക്കുപോലും നടക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നാട്ടുകാർ പറയുന്നു.
പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.