700 എംഎം പ്രിമോ പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയായി: ജലവിതരണം പുനഃരാരംഭിച്ചു
1585404
Thursday, August 21, 2025 6:44 AM IST
പേരൂര്‍ക്കട: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന 700 എംഎം പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി വാട്ടര്‍ അഥോറിറ്റി പൂര്‍ത്തീകരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയായത്.
പിടിപി നഗറില്‍നിന്നു വെള്ളയമ്പലം ഒബ്സര്‍വേറ്ററിയിലേക്കു ജലമെത്തിക്കുന്നതാണ് പ്രിമോ പൈപ്പ്. കിലോമീറ്ററുകള്‍ നീളുന്ന പൈപ്പിന്റെ വെള്ളയമ്പലം ജംഗ്ഷനിലെ ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതോടെയാണ് അടിയന്തര അറ്റകുറ്റപ്പണി വേണ്ടിവന്നത്. ജെസിബി ഉപയോഗിച്ച് കുഴിച്ചാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ പണി ആരംഭിച്ചത്.
പുതിയ പ്രിമോ പൈപ്പ് വിളക്കിച്ചേര്‍ക്കുകയായിരുന്നു. പമ്പിംഗ് നിര്‍ത്തിവച്ചതുമൂലം ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലം, ആല്‍ത്തറ, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാര്‍ റോഡ്, ജഗതി, ജവഹര്‍നഗര്‍, നന്തന്‍കോട്, കുന്നുകുഴി ഭാഗങ്ങളില്‍ ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും മറ്റുചില സ്ഥലങ്ങളില്‍ ഭാഗികമായും ജലവിതരണം തടസപ്പെട്ടു.
ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ വാട്ടര്‍ അഥോറിറ്റി ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കുകയുണ്ടായി. വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ജലവിതരണം സാധാരണനിലയിലാകുമെന്നു വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.