വയോധികയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; പ്രതി പിടിയില്‍
1585198
Wednesday, August 20, 2025 7:07 AM IST
മെഡിക്കല്‍കോളജ്: വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ ആളെ മെഡിക്കല്‍കോളജ് സിഐ ബി.എം. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ആക്കുളം പ്രശാന്ത് നഗര്‍ അയിത്തടി ലെയിന്‍ സുരഭി ഗാര്‍ഡന്‍സില്‍ ഗൗരി നന്ദനം വീട്ടില്‍ വാടകയ് ക്കു താമസിക്കുന്ന ടി.പി. മധു (58) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് പരാതിക്കാധാരമായ സംഭവമുണ്ടായത്.
പ്രശാന്ത് നഗറില്‍ ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ഉഷാകുമാരി (65) യെയാണ് പ്രതി ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയ മധു വയോധികയുടെ മുഖത്തു മുണ്ടുകൊണ്ട് ചുറ്റുകയും കട്ടിലില്‍ കിടത്തിയശേഷം സാരി ഉപയോഗിച്ച് ഇവരുടെ കൈകള്‍ കൂട്ടിക്കെ ട്ടുകയും ചെയ്തു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിത്തിരുകിയശേഷം കത്തികാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയും കൈവിരലില്‍ ഉണ്ടായിരുന്ന ഒരു മോതിരവുമാണ് പ്രതി അപഹരിച്ചത്. വയോധികയെ ദേഹോപദ്രവം ഏല്‍പ്പിച്ചശേഷമാണ് ഇയാള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടത്. തൊണ്ടിമുതല്‍ ചാലയിലെ ഒരു ജ്വല്ലറിയില്‍ വിറ്റശേഷം അതില്‍നിന്നു ലഭിച്ച പണവുമായി ഇയാള്‍ ഒളിവില്‍പ്പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവിനുശേഷം തിരികെ ചാലയിലെത്തിയ പ്രതി ഇവിടെനിന്നുതന്നെ പിടിയിലാകുകയായിരുന്നു.
മോഷണമുതല്‍ പോലീസ് ജ്വല്ലറിയില്‍ നിന്നു കണ്ടെത്തി. എസ്ഐമാരായ വിഷ്ണു, ഗോപകുമാര്‍, ഗ്രേഡ് എസ്ഐമാരായ അനില്‍കുമാര്‍, ബിജു, സിപിഒമാരായ മുകേഷ്, ബല്‍റാം, റിയാസ്, മുബാറക്, നൗഫല്‍, ഹരികൃഷ്ണന്, മനു എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.