ജീവിതം കരുപിടിപ്പിക്കാൻ ഉണ്ണിയപ്പം കച്ചവടം നടത്തി റാങ്ക് ജേതാവ്
1585411
Thursday, August 21, 2025 6:44 AM IST
ആർ.സി. ദീപു
നെടുമങ്ങാട്: ഉപജീവനത്തിനും പഠനത്തിനുമായി ഉണ്ണിയപ്പ കച്ചവടം നടത്തി ഒരു വിദ്യാർഥി. നെടുമങ്ങാട് മുക്കോലയ്ക്കൽ ഗോവിന്ദത്തിൽ എസ്. സനൽകുമാറിന്റെയും വി. റാണിയുടേയും ഇളയമകൻ ഗോവിന്ദ് ആണ് താൻ ഉണ്ടാക്കുന്ന ഉണ്ണിയപ്പം ചൂടാറും മുന്പ് കിലോമീറ്ററുകൾ സ്കൂട്ടറോടിച്ച് കടകളിലെത്തിച്ചു ഉപജീവനം നടത്തുന്നത്. ശരാശരി 300 ഉണ്ണിയപ്പമെങ്കിലും ദിവസേനെ കടകളിൽ വിറ്റഴിയും.
എട്ടുമണിക്ക് മുമ്പേ ഇത്രയും ചുട്ടെടുത്ത് ബേക്കറികളിൽ എത്തിക്കും. മഴയായാലും മഞ്ഞായാലും കൃത്യസമയത്ത് മടങ്ങിയെത്തി യൂണിഫോമണിഞ്ഞു പഠിക്കാൻ പോകും. എൽപി ക്ലാസ് മുതൽ അമ്മ റാണി പരിശീലിപ്പിച്ചതാണ് ഈ ദിനചര്യ. ഇന്നിപ്പോൾ കേരള സർവകലാശാല പരീക്ഷയിൽ ജ്യോതിഷത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോഴും ഗോവിന്ദിന്റെ ദിനചര്യകളിൽ മാറ്റമില്ല.
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ബി.എ സംസ്കൃതം സ്പെഷൽ ജ്യോതിഷ വിഭാഗത്തിലാണ് സംസ്ഥാന തലത്തിൽ ഗോവിന്ദ് ഒന്നാം റാങ്കു നേടിയത്.പിതാവ് സനൽ സെക്യൂരിറ്റി ജോലിക്കാരനായിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണു ചികിത്സയിലായിട്ട് വർഷങ്ങളായി. അച്ഛനു ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ പഠനച്ചെലവിനും വീട്ടാവശ്യങ്ങൾക്കും പോംവഴിയില്ലാതെ അമ്മ റാണി തുടങ്ങിവെച്ചതാണ് ഉണ്ണിയപ്പം വില്പന.എൽപി, യുപി പഠനം നെടുമങ്ങാട് മഹാരാജ പബ്ലിക് സ്കൂളിലും ഹൈസ്കൂൾ പഠനം ദർശന ഹൈസ്കൂളിലും ഹയർ സെക്കൻഡറി പഠനം പൂവത്തൂർ ഗവ. സ്കൂളിലുമായിരുന്നു.
എ പ്ലസ് വിജയത്തോടെയാണ് ഗോവിന്ദ് പഠനം പൂർത്തിയാക്കിയത്. എംഎ സംസ്കൃതം ജനറൽ പഠിച്ച് ഒരു മാതൃകാ അധ്യാപകനാകണം എന്നതാണ് ഗോവിന്ദിന്റെ ആഗ്രഹം. വീട്ടിൽ പത്രം വരുത്താൻ കഴിയാത്തതിനാൽ നെടുമങ്ങാട്ടെ ഒട്ടുമിക്ക ഗ്രന്ഥശാലകളിലെയും സ്ഥിരം സാന്നിധ്യം കൂടിയാണ് ഈ യുവാവ്.