തീരദേശ ബൈപ്പാസ് നിർമാണം : നഷ്ടപരിഹാരം: പൊതുജന അഭിപ്രായംതേടി അധികൃതർ
1585403
Thursday, August 21, 2025 6:44 AM IST
വിഴിഞ്ഞം: തീരദേശ ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാരത്തിനായി പൊതുജനാഭിപ്രായം തേടി അധികൃതർ. ഇന്നലെ വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. അധികൃതർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിൽ ഭിന്നാഭിപ്രായമുണ്ടായതായി സ്ഥാപന ഉടമകൾ പറയുന്നു.
കാസർകോഡ് മുതൽ സംസ്ഥാന അതിർത്തിയായ പൊഴിയൂർ കൊല്ലംകോടു വരെ നീളുന്ന തീരദേശ ബൈപ്പാസിനായി അളവ് കഴിഞ്ഞ് പിങ്ക് കുറ്റികൾ സ്ഥാപിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലിനു നടപടികൾ ആകുന്നതിനു മുൻപാണ് ആദ്യപടിയായി റോഡു കടന്നുപോകുന്ന മേഖലയിലെ കടകൾ നടത്തുന്നവരുടെയും തൊഴിലാളികളുടെയും അഭിപ്രായരൂപീകരണം നടന്നത്.
സ്ഥാപനം നടത്തുന്നവർക്ക് ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെയും തൊഴിൽ നഷ്ടപ്പെടുന്ന
തൊഴിലാളികൾക്ക് മുപ്പത്താറായിരം രൂപയുമാണ് അധികൃതർ മുന്നോട്ട് വച്ച നഷ്ടപരിഹാരമെന്നറിയുന്നു. എന്നാൽ ഭീമമായ അഡ്വാൻസും നൽകി കൂടുതൽ മോഡി പിടിപ്പിച്ചും നടത്തുന്ന സ്ഥാപനങ്ങൾക്കും പതിറ്റാണ്ടുകളായി പണിയെടുക്കുന്ന തൊഴിലാളികൾക്കും നിലവിലെ പാക്കേജ് വൻ നഷ്ടമാന്നെന്നും മേഖലയിലുള്ളവർ പറയുന്നു. കോവളം മുതൽ കൊല്ലംകോട് വരെയുള്ള അവസാന ഘട്ടത്തിൽപ്പെടുന്നവരെയാണ് ഇന്നലെ വിളിച്ച് ചേർത്തത്.
പൊഴിയൂർ, പൂവാർ, കരിംകുളം, കോട്ടുകാൽ, വിഴിഞ്ഞം വില്ലേജുകളിൽ കൂടി കടന്നുപോകുന്ന റോഡിൽ ഏറ്റവും കൂടുതൽ സ്ഥാനങ്ങൾ നഷ്ടമാകുന്നത് കോവളം വരെ അതിർത്തിയുള്ള വിഴിഞ്ഞം വില്ലേജിലാണ്. രണ്ടാമത് കോട്ടുകാലിലും, പൂവാർ, പൊഴിയൂർ, കരിംകുളം വില്ലേജുകളിൽ പൂർണമായും കടൽക്കര വഴിയാണ് ബൈപ്പാസിന്റെ സ്ഥാനമെങ്കിലും റോഡ് കടന്നു പോകുന്ന ഭാഗത്തെ പുറംപോക്ക് ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളുണ്ട്.
ഇവരുടെ കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല. കൂടാതെ നഷ്ടമാകുന്ന വ്യപാര സ്ഥാപനകെട്ടിട ഉടമകളുടെയും ഭൂഉടമകളുടെയും വീടു നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകണം. കല്ലിട്ട റോഡ് വികസനം നടന്നില്ലെങ്കിലും കോടികൾ മുടക്കിയുള്ള വിഴിഞ്ഞം - കളിയിക്കാവിള തീരദേശ റോഡിലെ ടാറിംഗ് തുടരുന്നു.
ആറു മാസം മുൻപ് ഒരു ലയർ ടാറിംഗ് നടത്തിയശേഷം നിർത്തിവച്ച രണ്ടാംഘട്ടത്തിന്റെ പണികളാണ് ദേശീയപാതാ അധികൃതർ കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചത്. പ്രതികൂലമായ കാലാവസ്ഥയും ഫണ്ടിന്റെ ലഭ്യതക്കുറവുമാണ് ടാറിംഗിനെ ബാധിച്ചതെന്നു പറയപ്പെടുന്നു. ടാറിംഗ് നടക്കുന്ന റോഡിന്റെ വളവുകളും തിരിവുകളും മാറ്റി വീതി കൂട്ടിയാണ് തീരദേശ ബൈപ്പാസാക്കി മാറ്റുന്നത്.