കൊപ്പത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ല
1585413
Thursday, August 21, 2025 6:51 AM IST
വിതുര: പൊളിച്ചു നീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം പുനർ നിർമിക്കാൻ കഴിയാതെ വന്നതോടെ കൊപ്പം ജംഗ്ഷനിൽ യാത്രക്കാർ പെരുവഴിയിൽ. കടുത്ത വെയിലും മഴയും സഹിച്ചു ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്. അല്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലും മുന്നിലുമായി ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്.
മഴ പെയ്താൽ പല കടകളുടെയും മുന്നിൽ ഒതുങ്ങുകയല്ലാതെ വേറെ വഴിയില്ല. റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയത്. വിതുര ഗവ: യുപിഎസ്, വിച്ച്എസ്എസ്, താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, മൃഗാശുപത്രി, സബ് ട്രഷറി ഉൾപ്പെടെ സമീപത്ത് ആയതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതു ഒരു ബുദ്ധിമുട്ടാണ്.
വിദ്യാർഥികൾ അടക്കം ഒട്ടേറെ പേരാണ് വൈകുന്നേരങ്ങളിൽ ഇവിടെ ബസ് കാത്തു നിൽക്കുന്നത്. മഴ പെയ്തു കഴിഞ്ഞാൽ നനഞ്ഞു കുതിരാതെ ബസ് കയറാൻ പറ്റില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. പാലോട്, നന്ദിയോട്, പെരിങ്ങമ്മല, ഇക്ബാൽ കോളേജ്, ചെറ്റച്ചൽ, തെന്നൂർ, ആനപ്പെട്ടി, മരുതുംമൂട്, പുളിച്ചാമല ഭാഗത്തേയ്ക്കുള്ള യാത്രക്കാർ കൊപ്പം ജംഗ്ഷനിലാണ് പ്രധാനമായും ബസ് കാത്ത് നിൽക്കുന്നത്.
കൊപ്പത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ 2023ൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും 3.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെ പദ്ധതി നടപ്പിലായില്ല.