സിവില്‍സ്റ്റേഷനിലെ ഓണം വിപണനമേളയില്‍ തിരക്കേറുന്നു
1585412
Thursday, August 21, 2025 6:51 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ഓണം വിപണനമേളയില്‍ ജനത്തിരക്കേറുന്നു. കളക്ടറേറ്റിനു സമീപം ഒരുക്കിയിരിക്കുന്ന മേളയില്‍ നിരവധി വീട്ടുപകരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. കുപ്പിവളകള്‍, കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍, രാജസ്ഥാന് കരകൗശല വസ്തുക്കള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
സൗന്ദര്യവര്‍ധക ഉത്പ ന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിവിധതരം മണ്‍പാത്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാണ്. ചെടിച്ചട്ടികള്‍, പുഷ് പിക്കുന്ന ചെടികള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഇവിടെനിന്നു ലഭിക്കും. സ്റ്റാര്‍ ബുക്ക്സിന്റെ പുസ്തക മേളയും വിപണന മേളയുടെ ഭാഗമാണ്.
കൂടാതെ പായസ മേളയും ഒരുക്കിയിട്ടുണ്ട്. നടുവേദന, കൈമുട്ട് വേദന, മസില് വേദന തുടങ്ങിയവയ്ക്കുള്ള അക്ക്യുപ്രഷര് തെറാപ്പി മെഷീന് പരിചയപ്പെടുന്നതിനുള്ള സൗകര്യവുമുണ്ട്. കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേള 23നു സമാപിക്കും.
മേള കാണുന്നതിനും വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനും ഇന്നലെ രാവിലെ മുതലാണ് ജനത്തിരക്കു വര്‍ധിച്ചത്.