ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം
1585410
Thursday, August 21, 2025 6:44 AM IST
ആക്രമിച്ചത് എബിവിപി പ്രവർത്തകർ
പാറശാല: ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിക്കുനേരെ എബിവിപി ആക്രമണം. കാട്ടാക്കട കൊറ്റംപള്ളി സ്വദേശിയും കോളജിലെ മൂന്നാംവര്‍ഷ ബിഎ ബിരുദവിദ്യാര്‍ഥിയുമായ ദേവജിത്തിനെയാണ് ആക്രമിച്ചത്.
എബിവിപി സംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാത്തതിന്റെ വിരോധത്താലാണ് ആക്രമണം നടന്നതെന്ന് ദേവജിത്ത് പറഞ്ഞു. കോളജ് കാമ്പസിനു സമീപം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.
എബിവിപി നേതാക്കളായ അനന്തന്, ശബരി, നിഖില്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള 15 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു ദേവജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. ദേവജിത്തിനെ കോളജിനുള്ളില്‍വച്ച് ഒരു സംഘം ഓടിച്ചിട്ട് പിടിച്ച് കുനിച്ചു നിര്‍ത്തി മുതുകില്‍ ക്രൂരമായി ഇടിച്ചു തറയില്‍ തള്ളിയിടുകയും തലയിലും ദേഹമാസകലവും ക്രൂരമായി ചവിട്ടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ദേവജിത്തിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. പാറശാല പോലീസില്‍ പരാതി നല്കി. കോളജില്‍ എബിവിപി സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാത്ത വിദ്യാര്‍ഥികള്‍ക്കു നേരെ ഇത്തരം സംഘങ്ങളുടെ വലുതും ചെറുതുമായ ആക്രമണവും ഭീഷണിയും അടിക്കടി പതിവാണെന്ന് പരാതിയുണ്ട്.