പാളയത്തെ മോഷണം: രണ്ടുപേർ പിടിയിൽ
1585205
Wednesday, August 20, 2025 7:13 AM IST
പേരൂർക്കട: പാളയം സാഫല്യം കോംപ്ലക്സിലെ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കന്റോൺമെന്റ് പോലീസ് പിടികൂടി. വഞ്ചിയൂർ സ്വദേശികളായ 15ഉം 17ഉം വയസു പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം.
കോംപ്ലക്സിനു പിറകുവശത്തുള്ള മെൻസ് വെയർ ഷോപ്പുകളിൽനിന്ന് വസ്ത്രങ്ങൾ, ഷൂസ്, സൺഗ്ലാസുകൾ തുടങ്ങി 80,000 രൂപ വില വരുന്ന സാധനസാമഗ്രികളാണ് ഇവർ കവർന്നത്. ഓരോ കടയുടെയും പൂട്ട് തല്ലിത്തകർത്തശേഷം ഷട്ടർ ഉയർത്തിയാണ് ഇവർ അകത്തുകടന്നത്. സമീപത്തെ മറ്റൊരു കടയുടെ പൂട്ടു പൊളിക്കാൻ ശ്രമവും നടത്തിയിരുന്നു.
കോംപ്ലക്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാക്കളെ പിടികൂടാൻ സഹായകമായത്. മോഷണ വസ്തുക്കൾ ഇവരിൽനിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത മോഷ്ടാക്കളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.