ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്; മുരുകേശന്റെ അറസ്റ്റ് രേഖപ്പെടുത്തി
1585193
Wednesday, August 20, 2025 7:07 AM IST
പേരൂര്‍ക്കട: ജോലി വാഗ്ദാനം നല്കി പലരില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ അറസ്റ്റ് കരമന പോലീസ് രേഖപ്പെടുത്തി. തിരുനെല്‍വേലി സീലാത്തിക്കുളം ഭജനമഠം തെരുവില്‍ മുരുകേശ (59)ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുരുകേശന് ഉള്‍പ്പെട്ട അഞ്ചുപേര്‍ ചേര്‍ന്നു വെഞ്ഞാറമൂട് സ്വദേശിയായ അഞ്ജലിയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുണ്ടായി.
ജോലിവാഗ്ദാനം നല്കി തമിഴ്നാട് സ്വദേശികളായ 27 പേരില്‍ നിന്ന് 2.25 കോടി രൂപ തട്ടിയെടുത്ത വാര്‍ത്ത തമിഴ്പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈമാസത്തിലായിരുന്നു ഇത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി അഞ്ജലി മനസിലാക്കുന്നതും വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി നല്‍കുന്നതും തുടരന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുന്നതും.
അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞുവന്നിരുന്ന മുരുകേശനു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതിനിടെയാണ് തമിഴ്നാട് രാധാപുരം സ്വദേശി ബാലകൃഷ്ണന് പ്രതിക്കെതിരേ കരമന സ്റ്റേഷനില്‍ പരാതി നൽകിയത്. മുരുകേശന് മുമ്പ് കരമന സ്റ്റേഷന് പരിധിയിലുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
പിന്നീട് താമസം തൈക്കാട്ടേക്കേ് മാറ്റുകയായിരുന്നു. തന്നെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ബാലകൃഷ്ണന് കരമന സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കരമന പോലീസ് അറസ്റ്റുരേഖപ്പെടുത്തിയ മുരുകേശനെ കോടതി റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നു കരമന എസ്ഐ അറിയിച്ചു. കൂട്ടുപ്രതിയായ പോത്തന്‍കോട് സ്വദേശിനി റംസി (35) യെയും തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണു സൂചന.