കവർച്ച: മോഷ്ടാവ് ജയിലുമായി ബന്ധമുള്ള ആളെന്നു പോലീസ്
1585406
Thursday, August 21, 2025 6:44 AM IST
പേരൂര്‍ക്കട: പൂജപ്പുരയിലെ കഫറ്റേറിയയില്നിന്നു പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നു പോലീസ്. സെന്‍ട്രല്‍ ജയിലുമായി അടുത്ത ബന്ധമുള്ളയാളാണ് മോഷ്ടാവെന്നു സൂചന ലഭിച്ചു.
ദിവസങ്ങള്‍ക്കുമുമ്പ് പൂജപ്പുര-ചാടിയറ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍വകുപ്പിന്റെ തന്നെ കഫറ്റേറിയയില് നിന്നാണ് നാലുലക്ഷം രൂപ മോഷണം പോയത്. ഓഫീസ് റൂം കുത്തിത്തുറന്ന് മോഷണം നടത്തിയതോടെയാണ് മോഷ്ടാവിന്റെ വിരലടയാളങ്ങള്‍ അന്വേഷണസംഘത്തിന് ലഭിക്കുന്നത്.
വളരെ വിദഗ്ധമായി സിസിടിവി കാമറയുടെ ദിശമാറ്റിയശേഷമാണു മോഷണം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മതില്ച്ചാടിയാണു മോഷ്ടാവ് എത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഫറ്റേറിയയിലെ ചില്ലുകൂട് തകര്‍ത്താണ് താക്കോല്‍ കൈക്കലാക്കി ഓഫീസ് റൂം തുറന്നിട്ടുള്ളത്.
ജയിലില്‍നിന്നു ശിക്ഷകഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരെക്കുറിച്ചും ജയില്ജീവനക്കാരില് ചിലരെക്കുറിച്ചും പോലീസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്നു. കഫറ്റേറിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണ് മോഷ്ടാവെന്ന് അന്നുതന്നെ പോലീസ് കണ്ടെത്തുകയുണ്ടായി. മോഷ്ടാവിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൂജപ്പുര സിഐ അറിയിച്ചു.