സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്നും അരി കടത്താനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു
1585407
Thursday, August 21, 2025 6:44 AM IST
വെഞ്ഞാറമൂട്: സിവിൽ സപ്ലൈസ് ഗോഡൗണില്‍ നിന്നും 45 ചാക്ക് അരികടത്താനുള്ള ശ്രമം ചുമട്ടു തൊഴിലാളികളുടെ ഇടപെടലില്‍ വിഫലമായി. സിവിൽ സപ്ലൈസിന്റെ വെഞ്ഞാറമൂട് ചന്തക്കു സമീപമുള്ള ഗോഡൗണില്‍ നിന്നാണ് അരി കടത്താനുള്ള ശ്രമമുണ്ടായത്.
ഇന്നലെ രാവിലെ ഗോഡൗണില്‍ ഒരു ലോഡ് അരി വന്നിരുന്നു. അത് ഇറക്കിയശേഷം സപ്ലൈകോയുടെ തന്നെ വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള ഗോഡൗണിലേക്കു തൊഴിലാളികള്‍ പോയി. തുടർന്നു 10.30ഓടെ മടങ്ങിയെത്തുമ്പോല് ഗോഡൗണിന്റെ ഉള്ളില്‍നിന്നും ഒരു പിക്കപ്പ് വാനില്‍ അരിയും കയറ്റി പുറത്തിറങ്ങി വരുന്നതു കാണാനിടയായി. ബുധനാഴ്ച റേഷന്‍ കടകളിലേക്കുള്ള അരി വിതരണം ഇല്ലെന്നു തൊഴിലാളികള്‍ക്ക് അറിയാമായിരുന്നതു കൊണ്ടുതന്നെ സംശയം തോന്നി അവര്‍ വാഹനം തടഞ്ഞിടുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു വെഞ്ഞാറമൂട് പോലീസ് എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാമിന്റെ നേത്വത്വത്തിലുള്ള പോലീസ് സംഘം എത്തുകയും സപ്ലൈകോ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ, നെടുമങ്ങാട് സബ്കോ ജൂനിയര്‍ മാനേജര്‍ ടി.എ. അനിത കുമാരി, റേഷനിംഗ് ഓഫീസര്‍മാരായ ബിന്ദു, ദീപ്തി എന്നിവരടങ്ങുന്ന സംഘം എത്തുകയും ചെയ്തു.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കുത്തരി, പച്ചരി, പുഴുങ്ങല്ലരി എന്നിവയടങ്ങുന്ന 45 ചാക്ക് അരി വാഹനത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും അരിയുൾപ്പെടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.