കരസേനയുടെ വീർ യാത്ര ബൈക്ക് റാലി: 3000 പൂർവസൈനികരെ ആദരിക്കും
1585191
Wednesday, August 20, 2025 7:07 AM IST
തിരുവനന്തപുരം: മദ്രാസ് റെജിമെന്റിന്റെ 250-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടാം ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "വീർയാത്ര' അനുസ്മരണ ബൈക്ക് റാലി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ളാഗ് ഓഫ് ചെയ്തു.
പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മദ്രാസ് റജിമെന്റ് കമാൻഡിംഗ് ഓഫീസർ കേണൽ അവിനാഷ് കുമാർ സിംഗ്, സൈനിക ഉദ്യോഗസ്ഥർ, സൈനികർ, വിരമിച്ച സൈനികർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റാലി അതിന്റെ മഹത്തായ വീര പാരന്പര്യം പ്രദർശിപ്പിക്കുക മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 3000 പൂർവസൈനികരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി രണ്ടാഴ്ചയ്ക്കുള്ളിൽ കൊച്ചി, പാലക്കാട്, കോയന്പത്തൂർ, ഉൗട്ടി, തിരിച്ചി വഴി തഞ്ചാവൂർ എത്തുകയും മധുര, തിരുനെൽവേലി, കന്യാകുമാരി വഴി തിരുവനന്തപുരത്തു തിരിച്ചെത്തുകയും ചെയ്യും.
കേരളത്തിലെയും തമിഴ്നാട്ടിലെയും 23 സ്ഥലങ്ങളിലായി 1,350 കിലോമീറ്റർ റാലി സഞ്ചരിക്കും. ഇരുപത്തിയഞ്ചു സൈനികരുമായി ആരംഭിച്ച റാലിയിൽ യാത്രാമധ്യേ നാൽപതിലധികം സൈനികർ അണിചേരും.