ജയില്‍വകുപ്പിന്റെ ഭക്ഷണശാലയിലെ മോഷണം; വിരലടയാളം ലഭിച്ചില്ല
1585192
Wednesday, August 20, 2025 7:07 AM IST
പേരൂര്‍ക്കട: ജയില്‍വകുപ്പിന്റെ ഭക്ഷണശാലയിലെ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
പൂജപ്പുര-ചാടിയറ റോഡില്‍ പ്രവര്‍ത്തിക്കുന്ന കഫറ്റേറിയയുടെ പിന്‍വശത്തെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപയാണ് കഴിഞ്ഞദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്. തുടരന്വേഷണത്തില്‍ കഫറ്റേറിയയിലെ സിസിടിവിയുടെ ദിശ മാറ്റിയ നിലയില്‍ കണ്ടെത്തി.
മോഷണത്തിനെത്തിയവരാണ് കാമറയുടെ ദിശ തിരിച്ചുവച്ചതെന്നാണു സൂചന. അതേസമയം കാമറയില്‍ വിരലടയാളങ്ങള്‍ പതിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. കാമറയുടെ പുറംഭാഗം മിനുസമുള്ള പ്രതലമായതിനാലാണ് വിരലടയാളങ്ങള്‍ പതിയാത്തത്. അതേസമയം കഫറ്റേറിയയില് താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്തും ഓഫീസ് റൂമിനു സമീപത്തും നിന്ന് അഞ്ചോളം വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഫറ്റേറിയയിലെ ജീവനക്കാരും ഈ സ്ഥലങ്ങളില്‍ പോയിരിക്കാമെന്നും അവരുടെ വിരലടയാളങ്ങളും ഇതില്‍ ഉള്പ്പെട്ടിരിക്കാമെന്നുമാണു പോലീസ് കരുതുന്നത്. വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു മാത്രമേ കഫറ്റേറിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താക്കോല്‍ സൂക്ഷിച്ചിരിരുന്ന ഇടത്തെക്കുറിച്ചും അറിവുണ്ടാകുകയുള്ളൂവെന്നും അതുകൊണ്ടുതന്നെ അവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൂജപ്പുര പോലീസ് അറിയിച്ചു.