സിവിൽ സ്റ്റേഷനിൽ ഓണംവിപണന മേള ആരംഭിച്ചു
1584793
Tuesday, August 19, 2025 2:07 AM IST
പേരൂർക്കട: കുപ്പിവളകളുടേയും കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും ശേഖരം ഒരുക്കി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഓണം വിപണന മേള ആരംഭിച്ചു.
സൗന്ദര്യവർധക ഉൽപ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിവിധതരം മൺപാത്രങ്ങൾ, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, രാജസ്ഥാന് കരകൗശല വസ്തുക്കൾ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്. സ്റ്റാര്‍ ബുക്ക്സിന്റെ പുസ്തക മേളയും വിപണന മേളയുടെ ഭാഗമാണ്. കൂടാതെ പായസമേളയും ഒരുക്കിയിട്ടുണ്ട്. നടുവേദന, കൈമുട്ട് വേദന, മസിൽ വേദന തുടങ്ങിയവയ്ക്കുള്ള അക്ക്യുപ്രഷർ തെറാപ്പി മെഷീൻ പരിചയപ്പെടുന്നതിനുള്ള സൗകര്യവും ഉണ്ട്.
കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേള ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. എഡിഎം ടി.കെ. വിനീത്, റിക്രിയേഷൻ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴുവരെ സംഘടിപ്പിക്കുന്ന മേള 23നു സമാപിക്കും.