സംരക്ഷണമില്ലാതെ ട്രാന്‍സ്ഫോര്‍മറുകള്‍
1584796
Tuesday, August 19, 2025 2:07 AM IST
നെയ്യാറ്റിന്‍കര: ദേശീയപാതയോരത്തടക്കമുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ മതിയായ സംരക്ഷണമില്ലാതെ അപകടഭീഷണി സൃഷ്ടിക്കുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ ചിലയിടങ്ങളിലെ കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥിതി ഏറെ പരിതാപകരമാണ്.
തുരുന്പെടുത്ത കന്പിവേലികളും ഇളകിവീഴുംവിധത്തിലുള്ള ഫ്യൂസുകളും പലയിടത്തെയും ട്രാന്‍സ്ഫോര്‍മറുകളില്‍ കാണാം. ചില ട്രാന്‍സ് ഫോര്മര് കോന്പൗണ്ടുകളില് സ്ഥാപിച്ചിട്ടുള്ള അപായം എന്ന ബോര്‍ഡ് പോലും തുരുന്പെടുത്ത നിലയിലാണെന്ന ആരോപണവും നിലവിലുണ്ട്. ട്രാന്‍സ്ഫോര്‍മര്‍ പരിസരത്തും ചുറ്റും കാടും പടര്‍പ്പും പടര്‍ന്നിട്ടുള്ളത് പുതിയ കാഴ്ചയല്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താറില്ലായെന്ന ആക്ഷേപവും വ്യാപകമാണ്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി കാല്‍നടയാത്രക്കാര്‍ പാതയോരങ്ങളിലെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് സമീപത്തു കൂടിയാണു വന്നുപോകുന്നത്. അപകടസാധ്യതയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കി സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.