സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; മൂന്നു പേർക്കു പരിക്ക്
1584804
Tuesday, August 19, 2025 2:07 AM IST
തിരുവനന്തപുരം: നഗരമധ്യത്തിൽ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ സ്പെൻസർ ജംഗ്ഷനിലായിരുന്നു അപകടം. സ്റ്റാച്യു ഭാഗത്തു നിന്നും പാളയത്തേക്കുവന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ട്രീറ്റ് ലൈറ്റ് ഒടിഞ്ഞു റോഡിന്റെ മറുവശത്തേക്കു വീണു. അപകടം കണ്ടു മറ്റു വാഹനങ്ങൾ നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.
തുടർന്ന് ട്രാഫിക് പോലീസെത്തി ക്രയിനുപയോഗിച്ച് ബസ് സ്ഥലത്തു നിന്നും മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഇവിടെ ഗതാഗതക്കുരുക്കുമുണ്ടായിരുന്നു.