ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം: 77 കച്ചവട സ്ഥാപനങ്ങൾ പുനഃസ്ഥാപിച്ചു
1565826
Monday, June 9, 2025 6:16 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ പൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നശിച്ചതിൽ 77 കച്ചവട സ്ഥാപനങ്ങൾ പീപ്പീൾസ് ഫൗണ്ടേഷൻ എറൈസ് മേപ്പാടി പദ്ധതിയിൽ പുനഃസ്ഥാപിച്ചു. ഉരുൾ ദുരന്തബാധിതരിൽ 100 പേർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായം നൽകും.
കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനം പൂർത്തിയായതിന്റെയും സ്വയം തൊഴിൽ പദ്ധതിയുടെയും പ്രഖ്യാപനം ഇന്നു രാവിലെ 11ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നടത്തുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.കെ. സമീർ, പ്രോജക്ട് ഡറയക്ടർ ടി.കെ. സുഹൈർ, എറൈസ് മേപ്പാടി ചെയർമാൻ ടി.പി. യൂനുസ്, മുഹമ്മദ് കലവറ, വി.ടി. മുഹ്സിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഉരുൾ ദുരന്തത്തിൽ തകർന്നതിൽ 77 കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്ക് 134 ലക്ഷം രൂപ ഫൗണ്ടേഷൻ നൽകി. ഇതിൽ 72 സ്ഥാപനങ്ങൾ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ചു. ദുരന്തബാധിതരിൽ 100 പേർക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രഖ്യാപനച്ചടങ്ങിൽ എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എഡിഎം കെ. ദേവകി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി തുടങ്ങിയവർ പങ്കെടുക്കും.