അമിതനിരക്ക് കുറച്ചില്ല; ബസുകള്‍ക്കെതിരേ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്
1549357
Saturday, May 10, 2025 1:39 AM IST
കാഞ്ഞങ്ങാട്: യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുടമകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കാസര്‍ഗോഡ് ആര്‍ടിഒ ജി.എസ്.സജിപ്രസാദിന്റെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐമാരായ എം.വിജയന്, കെ.വി.ജയന് എന്നിവരാണ് പരിശോധനക്കെത്തിയത്.
കാഞ്ഞങ്ങാട് -പാണത്തൂര്‍ റൂട്ടിലെ അമ്പലത്തറയില്‍ ഇന്നലെ വൈകുന്നേരം എട്ടു ബസുകള്‍ പരിശോധിച്ചതില്‍ ഒന്നൊഴികെ മറ്റെല്ലാം അമിത നിരക്ക് വാങ്ങിയെന്ന് ബോധ്യപ്പെട്ടു.
ഇതോടെ ഇവക്കെതിരെ നടപടി സ്വീകരിച്ചു. അമിത നിരക്ക് അവസാനിപ്പിക്കുന്നതുവരെയും നിയമനടപടി സ്വീകരിക്കാനാണ് ആര്‍ടിഒയുടെ കര്‍ശന നിര്‍ദേശം.
നിരക്ക് കുറച്ച വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അത്തരം ന്യായീകരണമൊന്നും അംഗീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് -കൊന്നക്കാട്, ഏഴാംമൈല്‍-കാലിച്ചാനടുക്കം റൂട്ടുകളിലെ ബസ് നിരക്ക് കുറച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതു അംഗീകരിക്കില്ലെന്ന് ബസുടമകളുടെ സംഘടന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യാത്രക്കാര്‍ ബസ് ടിക്കറ്റ് സഹിതം പരാതിപ്പെട്ടു. ഇതോടെയാണ് നടപടി ആരംഭിച്ചത്.
കാഞ്ഞങ്ങാട് നിന്ന് കയറുന്ന യാത്രക്കാരന് മാവുങ്കാല്‍ മുതല്‍ കല്ലംചിറ വരെ രണ്ട് മുതല്‍ മൂന്ന് രൂപ വരെയും വെള്ളരിക്കുണ്ട് മുതല്‍ കൊന്നക്കാട് വരെ അഞ്ചു രൂപയുമാണ് കുറഞ്ഞത്.
ഏഴാംമൈലില്‍ നിന്ന് കയറുന്നയാള്‍ക്ക് മുക്കുഴിയിലേക്ക് മൂന്ന് രൂപയും കാലിച്ചാനടുക്കത്തേക്ക് അഞ്ചുരൂപയും കുറഞ്ഞു.