ഹയര്‍സെക്കന്‍ഡറി ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്
1549358
Saturday, May 10, 2025 1:39 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുള്ള ഒഴിവുകള്‍ പിഎസ്സിക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മനുഷ്യാവകാശകമ്മീഷന് ജുഡീഷല്‍ അംഗം കെ.ബൈജുനാഥ്. ഇപ്രകാരം ചെയ്യാതിരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു.
റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥയും സ്ഥാപിതതാല്പര്യവും കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയെന്ന സ്വപ്നം മരീചികയായി തുടരുന്നത് കടുത്ത നീതിനിഷേധമാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. മാന്യതയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സൗകര്യമാണ് ജോലി നല്‍കുന്നത്. അനാസ്ഥ കാണിച്ചും നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചും അത് ഇല്ലാതാക്കുക എന്നത് മനുഷ്യാവകാശ ലംഘനമാണ്.
ഒഴിവുള്ള തസ്തികകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് സര്‍ക്കാര്‍, പിഎസ്സി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരി കമ്മീഷനില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
2024 ഓഗസ്റ്റ് 21നു മന്ത്രിസഭാ തീരുമാനപ്രകാരം സൃഷ്ടിച്ച ഹയര്‍സെക്കന്‍ഡറി തസ്തികകളില്‍ നിയമനം നടത്തുന്ന കാര്യം പരിശോധിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. സ്റ്റാഫ് ഫിക്സേഷന്റെ പേരിലും ബൈ ട്രാന്‍സ്ഫറിന്റെ പേരിലും തസ്തികകള്‍ മാറ്റിവച്ച് ഒഴിവുകള്‍ പിഎസ്സിയില് നിന്നും മറച്ചുവയ്ക്കുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നിലവിലെ മുഴുവന്‍ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന പരാതിക്കാരിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ബൈ ട്രാന്‍സ്ഫറിന്റെ പേരില്‍ കാലങ്ങളായി മാറ്റി വച്ചിരിക്കുന്ന തസ്തികകളും പിഎസ്സിക്ക് നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഡയറക്ട് ലിസ്റ്റില്‍ നിലവിലുള്ള തസ്തികകളില്‍ 75 ശതമാനം പിഎസ്സിക്ക് നല്‍കണമെന്നും പരാതിക്കാരിയായ കെ.വി.സൗമ്യ ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ ആവശ്യങ്ങള്‍ നിലവിലെ കോടതി വിധികള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി തീരുമാനമെടുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ നാലാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.