ദേശീയപാതയോരത്തെ മാവുകൾക്ക് കരുവാച്ചേരി തോട്ടത്തിൽ പുനർജന്മം
1549365
Saturday, May 10, 2025 1:39 AM IST
നീലേശ്വരം: കാർഷിക സർവകലാശാലയ്ക്കു കീഴിൽ നീലേശ്വരം കരുവാച്ചേരിയിലുള്ള തോട്ടത്തിന്റെ ഒരുഭാഗം ദേശീയപാത വികസനത്തിനായി വിട്ടുകൊടുക്കേണ്ടിവന്നപ്പോൾ മുറിച്ചുമാറ്റേണ്ടിവന്നത് നാടനും അപൂർവ ഇനങ്ങളുമടക്കമുള്ള മാവുകളാണ്.
പക്ഷേ ആ നഷ്ടത്തെ ഇപ്പോൾ കാർഷിക സാങ്കേതികവിദ്യയിലൂടെ നികത്താനൊരുങ്ങുകയാണ് ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രം. മുറിച്ചുമാറ്റേണ്ടിവന്ന എല്ലാ മാവുകളുടെയും ഗ്രാഫ്റ്റ് ചെയ്തെടുത്ത തൈകളാണ് തോട്ടത്തിൽ വീണ്ടും വളർത്തിയെടുക്കുന്നത്.
തനത് ഇനങ്ങളായി ഇവിടെ സംരക്ഷിക്കുന്നതിനൊപ്പം കർഷകർക്ക് വില്പന നടത്താനായും തൈകൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ പെട്ട മുപ്പതിലധികം പുതിയ മാവുകളാണ് തോട്ടത്തിൽ വളർന്നുവരുന്നത്. കേസരി, വെള്ളരി കുളുമ്പൻ, ചന്ദ്രക്കാരൻ, മൽഗോവ, മെർക്കുറി, സുവർണരേഖ, കാലാപാടി, ഫിറങ്കിലഡുവ, പനക്കാൽ, കർപ്പൂരം, നീലം, ബംഗളൂരു, കുറ്റ്യാട്ടൂർ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഞെട്ടിനടുത്ത് അല്പം കുഴിഞ്ഞ് കാണപ്പെടുന്ന വലിപ്പമേറിയ നാട്ടുമാങ്ങ, നീലം, അൽഫോൻസ, ബംഗനപ്പള്ളി തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വളർച്ചയും പ്രതിരോധശേഷിയും കൂടിയ നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്ത് വളർത്തിയെടുക്കുന്ന മാവുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്.
ഇതോടൊപ്പം അന്യംനിന്നുപോകുന്ന പരമ്പരാഗത നാട്ടുമാവിനങ്ങൾക്കും ഇടമൊരുക്കിയിട്ടുണ്ട്.