ഓച്ചിറ സ്റ്റേഷനിലെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം
1576558
Thursday, July 17, 2025 6:43 AM IST
കൊല്ലം: മുന്‍പ് പാസഞ്ചറായി സർവീസ് നടത്തിയിരുന്നനാഗര്കോവില് -കോട്ടയം എക്സ്പ്രസിന്റെയും ഗുരുവായൂര്‍-മധുര ട്രെയിനിന്റെയും നിര്‍ത്തലാക്കിയ സ്റ്റോപ്പ് ഓച്ചിറ സ്റ്റേഷനില്‍ പുനസ്ഥാപിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിനോട് നേരിട്ട് അഭ്യർഥിച്ചു.
ഗുരുവായൂര്‍-മധുര എക്സ്പ്രസിന്റെനിര്ത്തലാക്കിയ സ്റ്റോപ്പ് ഇതുവരെ ഓച്ചിറയില്‍ പുനസ്ഥാപിച്ചില്ല.നേരത്തെ ഓച്ചിറയിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന നാഗര്‍കോവില്‍ -കോട്ടയം ട്രെയിനും നിലവിൽ ഇപ്പോൾ ഓച്ചിറയിൽ സ്റ്റോപ്പില്ല. മുമ്പ് ഈ ട്രെയിൻ പാസഞ്ചർ ആയിട്ടാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ പിന്നീട് എക്സ്പ്രസാക്കി ടിക്കറ്റ് നിരക്കും ഉയർത്തി.
ഈ റൂട്ടിലെ മറ്റു സ്റ്റേഷനുകളില്‍ ഇവയുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടും ഓച്ചിറ സ്റ്റേഷനെ അവഗണിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ ദിനം പ്രതി ആശ്രയിക്കുന്ന സ്റ്റേഷനാണിത്.
ഓച്ചിറ ക്ഷേത്രം, അമൃതാന്ദമയി മഠം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നവരും ഓച്ചിറ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ട്രെയിനുകളുടെ നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.