എഴുകോൺ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
1576553
Thursday, July 17, 2025 6:43 AM IST
കുണ്ടറ: ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ എഴുകോൺപഞ്ചായത്തിന്റെ സമഗ്ര വികസനം വിവിധ പദ്ധതികളിലൂടെനടപ്പാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ആധുനിക ഫിഷ് മാർക്കറ്റ്,ഓഫീസ് സമുച്ചയം എന്നിവയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുത്തൂരിലെ ഫിഷ് മാർക്കറ്റ് പൂർത്തീകരിച്ചു.നെടുമൺകാവിലെ പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.മൈലം നെടുവത്തൂർഎന്നീപഞ്ചായത്തുകളിലും ആധുനിക മാർക്കറ്റുകൾ ഉയരുകയാണ്.നെടുവത്തൂരിൽ പുതിയ തിയറ്റർ സമുച്ചയം വരും.
എഴുകോണിൽ ഉയരുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ബിഎംസി റോഡുകളുടെയും,പാലങ്ങളുടെയുംനിർമാണംപുരോഗമിക്കുന്നു. മണ്ഡലത്തിൽ പുതിയ വ്യവസായ പാർക്കുകൾ; സോഹോ കമ്പനിയുടെ ഐടി കേന്ദ്രം കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് നിലകളിലായി പണിയുന്ന ഓഫീസ് സമുച്ചയവും ഓപ്പൺ മത്സ്യ മാർക്കറ്റും മൂന്ന് കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യം,10കടമുറികൾ, ഓഫീസ് സൗകര്യം എന്നിവയും മത്സ്യ മാർക്കറ്റിന്റെ കെട്ടിടത്തിൽ അഞ്ചു മത്സ്യസ്റ്റാളുകളും,രണ്ടു മാംസ സംസ്കരണ സ്റ്റാളുകളും ഒരുക്കും. മാലിന്യ സംസ്കരണത്തിന് പ്രത്യേക ഇ ടിപി സംവിധാനവും ബയോഗ്യാസ് പ്ലാന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.തീരദേശ കോർപറേഷനാണ് നിർമാണ ചുമതല.
എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി .സുഹർബാൻ, തീരവികസന കോർപറേഷൻ ചെയർമാൻ ഷെയ്ക്ക് പരിത്,ജില്ലപഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റിഅധ്യക്ഷരായ ടി.ആർ .ബിജു,എസ്.സുനിൽകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് .എച്ച് .കനകദാസ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.