കൃഷിയിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
1576019
Tuesday, July 15, 2025 10:51 PM IST
അഞ്ചല്‍ : കൃഷിയിടത്തില്‍ വയോധികനേ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ പാണയത്താണ് കൃഷിയിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേലേപാണയത്ത് ബിനു വിലാസത്തില്‍ കൃഷ്ണന്‍കുട്ടി (68) യുടെ മൃതദേഹമാണ് വീടിന് കുറച്ചു ദൂരത്തുള്ള വാഴത്തോപ്പില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇതുവഴി പോയ വീട്ടമ്മയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്നു പൊതുപ്രവര്‍ത്തകരെ അറിയിക്കുകയും അവർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. വാഴത്തോപ്പിലെ ചെറിയ ചാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. ശരീരത്ത് ആകമാനം ചെളി പുരണ്ടിട്ടുണ്ട്. കൊല്ലത്ത് നിന്നും എത്തിയ സൈന്റിഫിക് വിരലടയാള വിദ്ഗ്ധര് തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഏരൂര്‍ പോലീസ് പറഞ്ഞത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്ക്ളാഴ്ച ഉച്ചയോടെ പെന്ഷന് എടുക്കാന്‍ ബാങ്കിലേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ കൃഷ്ണന് കുട്ടി പിന്നീട് വീട്ടിലെത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. മൃതദേഹത്തിന് അരുകില്‍ നിന്നും ബാങ്ക് പാസ് ബുക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.