വിവാദങ്ങൾ തീർന്നു : കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്തു
1575693
Monday, July 14, 2025 6:48 AM IST
കൊട്ടാരക്കര: വിവാദങ്ങൾക്ക് വിരാമമിട്ട് അഭിനയ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ കൊട്ടാരക്കരയിൽ അനാച്ഛാദനം ചെയ്തു. പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന് സമീപത്തെ താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാന വളപ്പിലാണ് കൊട്ടാരക്കരയുടെ പ്രതിമ സ്ഥാപിച്ചത്.
ഇന്നലെ രാവിലെ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എ.എസ്.ഷാജി, സെക്രട്ടറി ബി.എസ്.ഗോപകുമാർ, എസ്.ആർ.രമേശ്, പ്രഫ.ബി.ശിവദാസൻ പിള്ള, എം.ബാലചന്ദ്രൻ, ബീന സജീവ്, ഫൈസൽ ബഷീർ, അരുൺ കാടാംകുളം എന്നിവർ പ്രസംഗിച്ചു.
മലയാള സിനിമയുടെ തലപ്പൊക്കം നോക്കിയാൽ അതിനൊപ്പം നിൽക്കുന്ന അഭിനയ പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരൻ നായർ. മലയാളികളുടെ മനസിൽ അര നൂറ്റാണ്ടിലധികമായി നീന്തിത്തുടിക്കുന്ന ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രം കൊണ്ട് മാത്രം ശ്രീധരൻ നായരിലെ അഭിനയ പ്രതിഭയുടെ കഴിവ് എത്രത്തോളമെന്ന് ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
പ്രസന്ന മുതൽ മിഴിനീർപ്പൂവുകൾ വരെയുള്ള 160 ചിത്രങ്ങളിൽ ഈ നടൻ അഭിനയത്തിന്റെ പകർന്നാട്ടം നടത്തിയിട്ടുണ്ട്. അരനാഴികനേരത്തിലെ അഭിനയത്തിന് 1970-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം നേടി. 1986 ഒക്ടോബർ 19ന് അദ്ദേഹം ഓർമയിലേക്ക് മറഞ്ഞു. കടന്നുപോയി മൂന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് ജന്മനാട് അദ്ദേഹത്തിന്റെ ഓർമയ്ക്കായി പ്രതിമസ്ഥാപിച്ചത്. ശ്രീധരൻ നായരുടെ പേരിലാണ് ലൈബ്രറി കൗൺസിൽ ആസ്ഥാനം പ്രവർത്തിക്കുന്നത്.
ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും പേരിൽ തീയേറ്റർ കോംപ്ലക്സും ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അനാച്ഛാദന ചടങ്ങിൽ പറഞ്ഞു.
ശ്രീധരൻനായരുടെ പ്രതിമ സ്ഥാപിക്കാൻ കൊട്ടാരക്കര നഗരസഭ വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്നു. എ.ഷാജു നഗരസഭ ചെയർപേഴ്സണായിരിക്കെ ശില്പി ബിജു ചക്കുവരയ്ക്കലിന്റെ നേതൃത്വത്തിലാണ് പ്രതിമ നിർമിക്കുന്നത്. തുടർന്ന് കച്ചേരിമുക്കിൽ പൊലീസ് സ്റ്റേഷന് എതിർവശത്തായി മൂന്നുവിളക്കിനോട് ചേർന്ന് പ്രതിമ സ്ഥാപിച്ചു.
ഉദ്ഘാടന ചടങ്ങ് ആലോചിച്ചപ്പോഴേക്കും എതിർപ്പുകൾ ഉണ്ടായി. ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലമെന്നായിരുന്നു വാദം. ദേവസ്വം ബോർഡും ഹിന്ദു സംഘടനകളും പ്രതിമ സ്ഥാപിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചതോടെ അനാവരണ ചടങ്ങ് മാറ്റി പ്രതിമ മൂടിവച്ചു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പ്രതിമ മാറ്റി സ്ഥാപിക്കാൻ നഗരസഭ തുടർന്ന് തീരുമാനിക്കുന്നത്. അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്താനാകാഞ്ഞതോടെ ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരത്തോട് ചേർന്ന് സ്ഥാപിച്ചുവെങ്കിലും ഏറെക്കാലം മൂടിക്കെട്ടിവെച്ചിരിക്കുകയായിരുന്നു.
കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ പൊതുവേദിയിൽ ഈ വിഷയം ആക്ഷേപമായി ഉന്നയിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടി. ലൈബ്രറി കൗൺസിലിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റയുടൻ പ്രതിമ അനാച്ഛാദനത്തെപ്പറ്റി ആലോചിച്ചു. നഗരസഭയുടെ അനുമതിയോടെ പ്രതിമയുടെ ചുറ്റൊരുക്ക് സാന്റോ സന്തോഷിനെ നിയോഗിച്ച് ഭംഗിയാക്കി. തുടർന്നായിരുന്നു അനാച്ഛാദനം.