അഷ്ടമുടി തണ്ണീർത്തട അഥോറിറ്റി യാഥാർഥ്യത്തിലേക്ക്
1575305
Sunday, July 13, 2025 6:37 AM IST
കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിനു ശാശ്വത പരിഹാരമായി പരിസ്ഥിതി സംഘടകളും കൊല്ലം നിവാസികളും പ്രതീക്ഷ വെക്കുന്ന അഷ്ടമുടി തണ്ണീർത്തട അഥോറിറ്റി യാഥാർഥ്യത്തിലേക്ക്.
അഷ്ടമുടി തണ്ണീർത്തട അഥോറിറ്റിയുടെ ഘടന സംബന്ധിച്ച് ഹർജികക്ഷികളായ അഡ്വ .ബോറിസ് പോൾ, ഹെൽപ് ഫൗണ്ടേഷൻ സി ഇ ഒ പീറ്റർ പ്രദീപ് എന്നിവരുടെ നിർദേശങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരും സ്റ്റേറ്റ് വെറ്റ് ലാൻഡ് അഥോറിറ്റിയും സമർപ്പിച്ച വിശദമായ ശുപാർശ അംഗീകരിക്കുന്നതായി ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുകയാണ്.
അഷ്ടമുടി കായൽ സംരക്ഷണക്കേസിൽ ഹർജികക്ഷികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും വിശദമായ വാദം ഹൈക്കോടതിയിൽ നടന്നു. കേസിൽ ഹൈക്കോടതി 29ന് വിധി പറയാനിരിക്കുകയാണ്.
അഷ്ടമുടി തണ്ണീർത്തട അഥോറിറ്റിയിലേക്ക് വിദഗ്ധഅംഗങ്ങളെ നാമനിർദേശം ചെയ്യാനും സമിതിക്ക് വേണ്ടി പ്രത്യേകം ഭരണ സംവിധാനം ഒരുക്കുന്നതിനും ധനവകുപ്പിന്റെ അനുമതി വേണമെന്നും ആയതിന് രണ്ടു മാസത്തെ സമയം വേണമെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിട്ടുള്ളത്.
പുതുതായി രൂപീകരിക്കുന്ന അഥോറിറ്റിയുടെ ആദ്യയോഗം മൂന്ന് മാസത്തിനകം കൊല്ലത്ത് ചേരണമെന്നും അഷ്ടമുടി കായലിന് വേണ്ടിയുള്ള പ്രത്യേക ആക്ഷൻ പ്ലാൻ ആറ് മാസത്തിനകം പൂർത്തിയാക്കാനും വാദത്തിനിടെ കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്.
ഹർജികക്ഷികൾക്ക് വേണ്ടി അഭിഭാഷകരായ എ.അജ്മൽ, പ്രിയങ്ക ശർമ ,അഡ്വ. എം.ജി.അനന്യ എന്നിവരാണ് ഹാജരായത്.