ഗവർണർ സ്വീകരിക്കുന്നത് വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നിലപാട് : കെ.സി. വേണുഗോപാൽ എംപി
1575309
Sunday, July 13, 2025 6:49 AM IST
കൊല്ലം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. കേരള സർവകലാശാലയിലെ ഗുരുതരമായ കൃത്യവിലോപത്തിലെ ഒന്നാം പ്രതി ഗവർണറാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ഭാരതാംബയുടെ കൈയിൽ കാവിക്കൊടി കൊടുക്കാൻ ശ്രമിച്ചാൽ അതിന് സമ്മതിക്കില്ല.
കേരളത്തിലെ സർവകലാശാലകൾ സ്തംഭിച്ചു കിടക്കുകയാണ്. എത്ര പേരുടെ ഭാവി കൊണ്ടാണ് ഇവർ പന്താടുന്നത്? ഗവർണർക്കെതിരേ എങ്ങനെ സംസാരിക്കണമെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു പഠിക്കണം. സർവകലാശാലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയും ഗവർണറും ഉടൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കീം റാങ്ക് പട്ടികയിലെ വിഷയത്തിൽ വിദ്യാർഥികളെ പല റാങ്കുകളിലാക്കി ആശയക്കുഴപ്പം സൃഷ്ടിച്ചതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. സംസ്ഥാന ജീവനക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു സർക്കാരുണ്ടായിട്ടില്ല. കുടിശിക സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ജീവനക്കാർക്കിടയിൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ പിണറായിക്കെതിരെ ഭൂരിഭാഗം പേരും വിധിയെഴുതും.
ഇംഗ്ലിഷ് ഭാഷ ഇല്ലാതാക്കുമെന്ന് പറയുന്ന അമിത് ഷായ്ക്ക് കേരളത്തിൽ വന്ന് അത് പറയാൻ ധൈര്യമുണ്ടോ?. എല്ലാ ഭാഷകളും പഠിക്കുകയാണ് വേണ്ടത്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ജോൺസൺ ഏബ്രഹാം, കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ, എം.എം.നസീർ, സെക്രട്ടറി സൂരജ് രവി, പി.ജർമിയാസ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.