എസ്എഫ്ഐ മാർച്ചിൽ നേരിയ സംഘർഷം
1574850
Friday, July 11, 2025 6:17 AM IST
കൊല്ലം: കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.
എസ്എൻ കോളജ് ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടന്ന് ഹെഡ് പോസ്റ്റ് ഓഫിസിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച പ്രവർത്തകരെ പ്രധാന വാതിലിൽ പോലീസ് തടഞ്ഞു.
വാതിൽ തള്ളിത്തുറക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. ഇതാണ് അര മണിക്കൂറോളം സംഘർഷാവസ്ഥയ്ക്ക് കാരണമായത്.തുടർന്ന് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കേരള സർവകലാശാലയിൽ സമരം സംഘടിപ്പിച്ചതി ന്റെ പേരിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണമായിരുന്നു.
ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കാർത്തിക് ആനന്ദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം നജീബ് നവാബ് , ജില്ലാ ജോ. സെക്രട്ടറി എസ്. കാർത്തിക്, വൈസ് പ്രസിഡന്റ് ആരോമൽ, ഇബിനു ആരിഫ് തുടങ്ങിയവർ പ്രസംഗിച്ചു.