ഡോ.വന്ദനാദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നിർത്തിവച്ചു
1574847
Friday, July 11, 2025 6:17 AM IST
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിന്റെവിചാരണ നടപടികള്‍ കൊല്ലം സെഷന് കോടതി നിര്‍ത്തിവച്ചു. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന വിചാരണ നടപടികളാണ് നിര്‍ത്തി വച്ചത്. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന് കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകരായ ബി.എ. ആളൂര്‍, പി.ജി.മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിചാരണ തടസപ്പെടുകയുണ്ടായി. ഇതിന്റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നും നാളെയുമായി വച്ചിരുന്ന വിചാരണയിൽ ജോണ്‍ എസ്. റാല്‍ഫ് പിന്മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നിര്‍ത്തിവച്ചു. 18ന് കേസ് വീണ്ടും പരിഗണിക്കും.
കേസിലെ പ്രതിക്ക് സംഭവസമയത്ത് യാതൊരുവിധ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ കഴിഞ്ഞ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതി ശാരീരികമായി തനിക്ക് കീഴടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നെന്ന് കേസിലെ ഒന്നാംപ്രതി ഡോ. മുഹമ്മദ് ഷിബിന്‍ വിസ്താര വേളയില്‍ വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.