യുവാവ് കല്ലടയാറ്റിൽ മുങ്ങി മരിച്ചു
1574640
Thursday, July 10, 2025 10:28 PM IST
കുളത്തൂപ്പുഴ: സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്ക് ദിനത്തിൽ ആഘോഷിക്കാൻ കുടുംബസമേതം എത്തിയ സംഘത്തിലെ യുവാവ് കുളത്തുപ്പുഴ കല്ലടയാറ്റിൽ മുങ്ങിമരിച്ചു. പാലോട് ഭരതന്നൂർ നെല്ലിക്കുന്നം വീട്ടിൽ ഫൈസൽ (31) ആണ് കുളത്തുപ്പുഴ ആറ്റിൽ ചോഴിയക്കോട് മിൽപാലം കടവിൽ മുങ്ങിമരിച്ചത്.
ഉച്ചയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം വനപ്രദേശത്തെ പുഴുക്കടവിൽ കുളിക്കാൻ എത്തിയത്. കരയിലൂടെ നടക്കുന്നതിന് ഇടയിൽ ഫൈസൽ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
ചുഴിയിൽ അകപ്പെട്ട ഫൈസലിനെ രക്ഷിക്കാനായി സംഘത്തിൽ ഉണ്ടായിരുന്ന ബന്ധുവായ ഷഹീൻ ശ്രമിച്ചുവെങ്കിലും ഇരുവരും പുഴയിൽ അകപ്പെട്ടു. ഭാര്യയുടെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി കേട്ട് സമീപത്തെ കടവിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ഷഹീനെ രക്ഷപ്പെടുത്തി.
ഏറെനേരം പുഴയിൽ നടത്തിയ തെരച്ചിലിൽ വെള്ളത്തിനടിയിൽ മരക്കുറ്റിയിൽ കുടുങ്ങിയ നിലയിൽ ഫൈസലിനെ കണ്ടെത്തി ഉടനെ കടയ്ക്കൽ താലൂക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷംന. മകൾ: മൻഹ.