സംസ്ഥാനത്തെ വെറ്റില കർഷകർ പ്രതിസന്ധിയിൽ: കർഷക കോൺഗ്രസ്
1574856
Friday, July 11, 2025 6:26 AM IST
പുനലൂർ : സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലേക്കും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും വെറ്റില കയറ്റുമതി ചെയ്ത് കൊള്ളലാഭം എടുക്കുന്ന വ്യാപാരികളുടെ കൈകളിൽ നിന്നും വെറ്റില കർഷകനെ രക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിര നടപടി ഉണ്ടാവണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വിളക്കുപാറ ദാനിയേൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ചെറുകിട കർഷകന്റെനിത്യ വരുമാനമാണ് വെറ്റില കൃഷി. വളരെയേറെ ശ്രദ്ധാപൂർവം നോക്കിക്കണ്ട് ചെയ്യുന്ന വെറ്റില കൃഷി,നോട്ടം തെറ്റിയാൽ പാടെ നശിച്ചുപോകുന്ന സസ്യമാണ്.
ഒരു കെട്ട് വെറ്റിലയ്ക്ക് മാർക്കറ്റിൽ 120 മുതൽ 180 രൂപ വരെ വില ലഭിച്ചിട്ടുണ്ട്. നാമമാത്ര കൃഷിസ്ഥലമുള്ള അധ്വാനശീലരായ വെറ്റില കർഷകർ വെറ്റിലയുമായി മാർക്കറ്റിൽ ചെല്ലുമ്പോൾ മൊത്തക്കച്ചവടം ചെയ്യുന്ന ഇടനിലക്കാരായ വ്യാപാരികൾ പറയുന്ന വിലക്ക് വെറ്റില വിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം കലയപുരം മാർക്കറ്റിൽ ഒരു കെട്ട് വെറ്റിലക്ക് ഇടനില വ്യാപാരികൾ വച്ച വില കെട്ടിന് 10 രൂപയാണ്. ആയിരക്കണക്കിന് കെട്ട് വെറ്റില നിത്യവൃത്തിക്ക് വഴിയില്ലാത്ത പാവപ്പെട്ട കർഷകർ കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുന്ന ഖേദകരമായ സംഭവം ഒഴിവാക്കേണ്ടതായിരുന്നു.