ജൽജീവൻ വഴി ജില്ലയിൽ 2.68 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി
1574578
Thursday, July 10, 2025 6:06 AM IST
കൊല്ലം: ജൽജീവൻ മിഷൻ വഴി ജില്ലയിലെ ഗ്രാമീണമേഖലയിൽ 2,68,890 കുടിവെള്ള കണക്ഷനുകൾ നൽകി. ജില്ലാകളക്ടർ എൻ.ദേവിദാസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന ജില്ല ജലശുചിത്വ സമിതി യോഗത്തിൽ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി.
പൈപ്പ് ലൈൻ പ്രവർത്തികൾ പൂർത്തിയായ സ്ഥലങ്ങളിലെ റോഡുകൾ പുനർനിർമിക്കാൻ പഞ്ചായത്ത്-വാട്ടർ അഥോറിറ്റി അധികൃതർ സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദേശിച്ചു.
ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയിൽ ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ കെഎസ്ഇബിയുടെ പ്രത്യേക വൈദ്യുതി ലൈൻ സ്ഥാപിക്കും. തെന്മല, ആര്യൻകാവ് പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. നെടുവത്തൂരിലെ പുല്ലാമലയിൽ സ്ഥാപിക്കേണ്ട സംഭരണിക്കായി പുതിയ സ്ഥലം പഞ്ചായത്ത്പരിധിക്കുള്ളിൽ കണ്ടെത്തും.
കുന്നത്തൂർ, പോരുവഴി, ശൂരനാട്നോർത്ത്, തഴവ, തൊടിയൂർ, കുലശേഖരപുരം എന്നിവിടങ്ങളിലെ സമഗ്ര കുടിവെള്ളപദ്ധതികളുടെ പുരോഗതിവിലയിരുത്തി കേന്ദ്രസംഘം സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കും.
സ്വകാര്യ ടെലികോം കമ്പനികൾ റോഡുകൾ കുഴിക്കുമ്പോൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് തടയാൻ നടപടി സ്വീകരിക്കും. വെട്ടിക്കവല വിളക്കുടി, മേലില പഞ്ചായത്തുകളിലെ പദ്ധതിപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ സുബോധ്, ജലശുചിത്വ സമിതി സെക്രട്ടറി മഞ്ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.