എംഎസ്സി എൽസ കപ്പലിനെ നിരീക്ഷിക്കാൻ കനേറ മേഘ് ടഗ്ഗ്
1574853
Friday, July 11, 2025 6:17 AM IST
കൊല്ലം: തീപിടിത്തം ഉണ്ടായി കേരളതീരത്തോട് ചേർന്ന് അറബിക്കടലിൽ മുങ്ങിയ എംഎസ്്സി എൽസ - 3 കപ്പലിനെ നിരീക്ഷിക്കാൻ കൂറ്റൻ ടഗ്ഗ് കൊല്ലം പോർട്ടിലെത്തി. ക്രൂ ചേഞ്ചിംഗിനൊപ്പം ശുദ്ധജലവും സുരക്ഷാ ഉപകരണങ്ങളും ശേഖരിക്കാനാണ് ടഗ്ഗ് എത്തിയത്.
മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള കനേറ മേഘ് എന്ന ടഗാണ് എത്തിയിട്ടുള്ളത്. ടഗ്ഗിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ കൊല്ലം പോർട്ടിൽ ഇറങ്ങി. പകരം രണ്ടുപേർ ടഗിൽ ജോലിയിൽ പ്രവേശിച്ചു.
തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.മുങ്ങിയ കപ്പൽ കേന്ദ്രീകരിച്ചുള്ള സാൽവേജ് ഓപ്പറേഷന് മുന്നോടിയായ നിരീക്ഷണത്തിനാണ് കനേറ മേഘിനെ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും ശേഖരിക്കാൻ ടഗ്ഗ് രണ്ടാഴ്ചയ്ക്ക് ശേഷം കൊല്ലം പോർട്ടിൽ വീണ്ടും എത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്.
സത്യം ഷിപ്പിംഗ്സ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ടഗ്ഗ് കേരള തീരത്ത് അടുപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്.