മത്സ്യകർഷക അവാർഡ് വിതരണം നാളെ
1574584
Thursday, July 10, 2025 6:06 AM IST
കൊല്ലം: സംസ്ഥാന മത്സ്യകർഷക അവാർഡ്വിതരണം നാളെ വൈകുന്നേരം 3.30ന് കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ സംസ്ഥാനതല അവാർഡ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്നിവർ നിർവഹിക്കും.
‘ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന കടലോര പ്ലാസ്റ്റിക് നിർമാർജന കാമ്പയിനിൽ സംസ്ഥാനത്താകെ 1,54,316 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തിരുന്നു. ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കിയ കോഴിക്കോട് ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും.
പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിൽ ഒമ്പത് തീരദേശ ജില്ലകളിലെയും മികച്ചപ്രകടനം കാഴ്ചവച്ച രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വീതം തെരഞ്ഞെടുത്ത് 10000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണമേനോൻ തുടങ്ങിയവർ പങ്കെടുക്കും.